കുട്ടിയുടെ തല ഡെസ്കിൽ ഇടിച്ചെന്നും കുട്ടിയെ അടിച്ചെന്നുമാണ് പരാതി
പത്തനംതിട്ട: പത്തനംതിട്ടയിൽ ഏഴ് വയസുകാരനെ ദേഹോപദ്രവം ഏല്പിച്ച മദ്രസ അധ്യാപകനെരെ കേസ്. മദ്രസ അദ്ധ്യാപകൻ ആയ ആയൂബ് മൗലവിക്കെതിരെയാണ് പത്തനംതിട്ട പൊലീസ് കേസ് എടുത്തത്. കുലശേഖരപതി സ്വദേശിയായ കുട്ടിയുടെ അമ്മയുടെ പരാതിയിൽ ആണ് കേസ്. പഠിക്കുന്നില്ല എന്ന കാരണം പറഞ്ഞാണ് കുട്ടിയെ ഉപദ്രവിച്ചത്. കുട്ടിയുടെ തല ഡെസ്കിൽ ഇടിച്ചെന്നും കുട്ടിയെ അടിച്ചെന്നുമാണ് പരാതി. കഴിഞ്ഞ മാസം 23 നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

അതേസമയം വയനാട് നിന്നും പുറത്ത് വരുന്ന മറ്റൊരു വാർത്ത മാനന്തവാടിയിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ് പരിക്കുകളോടെ മദ്രസ ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ പുള്ളിമാന്‍ ചത്തു എന്നതാണ്. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. നായ്ക്കള്‍ കൂട്ടമായി ആക്രമിച്ചതിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ഥമാണ് മാന്‍ പേരിയ മുപ്പത്തിയാറിലെ മദ്രസയില്‍ ഓടിക്കയറിയത്. വനമേഖലയില്‍ നിന്ന് മുന്നൂറ് മീറ്റര്‍ മാത്രം അകലെയാണ് പേരിയ മുപ്പത്തിയാറിലെ ഖുവ്വത്തുല്‍ ഇസ്ലാം സെക്കൻഡറി മദ്രസ സ്ഥിതി ചെയ്യുന്നത്. ഈ മദ്രസയിലാണ് സംഭവം നടന്നത്. കാടിന് വെളിയിലെത്തിയ മാനിനെ തെരുവ്‌നായ്ക്കള്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഗുരുതരമായി പരിക്കേറ്റ് മദ്രസയിലേക്ക് എത്തിയ മാന്‍ ഉടൻ തന്നെ താഴെ വീഴുകയും മിനിറ്റുകള്‍ക്കുള്ളില്‍ ചാവുകയും ചെയ്തു എന്നാണ് വിവരം. അഞ്ച് വയസ്സ് പ്രായമുള്ള പുള്ളിമാനാണ് ചത്തത്. പേര്യ ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ കെ.വി.ആനന്ദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അരുണ്‍, വികാസ്, സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു. കാട്ടിമൂല വെറ്ററിനറി ഡോക്ടര്‍ ഫായിസ് മുഹമ്മദ് പോസ്റ്റ്മോര്‍ട്ടം നടത്തി.
