പാമ്പിനെ കൊന്നതിന് വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ് എടുത്തിട്ടുള്ളതെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഹേമന്ത് കുമാര്‍ സേത്ത് പറഞ്ഞു

ബാഗ്പട്ട്: പാമ്പിനെ അടിച്ച് കൊന്നതിന് ഒരാള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശിലെ ഛപ്രൗലി പ്രദേശത്തെ ഷബ്ഗ ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ ഫോറസ്റ്റ് ഗാര്‍ഡ് നല്‍കിയ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രതി ചേര്‍ക്കപ്പെട്ട സ്വലീന്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.

തിങ്കളാഴ്ചയാണ് വനം വകുപ്പിന് ഇതെ കുറിച്ച് വിവരം ലഭിച്ചത്. പാമ്പിനെ കൊന്നതിന് വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ് എടുത്തിട്ടുള്ളതെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഹേമന്ത് കുമാര്‍ സേത്ത് പറഞ്ഞു. ഭാരമുള്ള എന്തോ വസ്തു കൊണ്ട് അടിച്ച നിലയിലാണ് പാമ്പിന്‍റെ ശരീരഭാഗങ്ങള്‍ ലഭിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നും ഹേമന്ത് കുമാര്‍ പറഞ്ഞു.

ഗ്രാമത്തിലെ രാം ശരണ്‍ എന്നയാളുടെ ഒരു വീട്ടില്‍ നിന്ന് പാമ്പ് പുറത്തേക്ക് വന്നതോടെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. ഇതിനിടെ സ്വലീന്‍ എത്തി പാമ്പിനെ അടിച്ച് കൊല്ലുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. അതേസമയം, പശ്ചിമബം​ഗാളിലെ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തിയ സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് രക്ഷിതാക്കള്‍ ഉയര്‍ത്തുന്നത്. അധ്യാപകനെ തടഞ്ഞുവെക്കുകയും ബൈക്ക് അടിച്ചു തകര്‍ക്കുകയും ചെയ്തു. പശ്ചിമബംഗാളിലെ ബിർഭും ജില്ലയിലെ മയൂരേശ്വർ ബ്ലോക്കിലെ പ്രൈമറി സ്കൂളില്‍ കുട്ടികള്‍ക്ക് നല്‍കിയ ഭക്ഷണത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. 

ഉച്ചഭക്ഷണം കഴിച്ച നിരവധി വിദ്യാർത്ഥികളെ ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛർദ്ദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട 30 ഓളം കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പുന്നതിനിടെയാണ് പരിപ്പ് നിറച്ചിരുന്ന പാത്രങ്ങളിലൊന്നിൽ ചത്ത പാമ്പിനെ കണ്ടത്തിയത്. അപ്പോഴേക്കും വിദ്യാർത്ഥികളിൽ പലരും ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്ത വാർത്തയിൽ പറയുന്നു.

കുട്ടികൾ ഛർദ്ദിക്കാൻ തുടങ്ങിയപ്പോൾ തന്നെ എല്ലാവരും ആശുപത്രിയിൽ എത്തിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. സ്കൂൾ ഉച്ചഭക്ഷണം കഴിച്ച് കുട്ടികൾ രോ​ഗാവസ്ഥയിലാകുന്ന സംഭവങ്ങളെക്കുറിച്ച് നിരവധി ​ഗ്രാമങ്ങളിൽ നിന്ന് പരാതികൾ ലഭിക്കാറുള്ളതായി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ദീപാജ്ഞൻ ജന മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളിൽ ഒരാളൊഴികെ എല്ലാവരെയും ഡിസ്ചാർജ് ചെയ്തു. ആശുപത്രിയിൽ തുടരുന്ന കുട്ടി അപകട നില തരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. ‌