ചുവന്നമണ്ണ്: ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് കൈമ ബിരിയാണ് അരി വില്‍പന സജീവം. ബർധമാൻ അഗ്രോ പ്രൊഡക്ട്സിന്റെ റോസ് ബ്രാൻഡ് കൈമ ബിരിയാണി അരിയുടെ വ്യാജ ലേബലിലുള്ള വിൽപനയാണ് തൃശ്ശൂരിൽ സജീവമായിട്ടുള്ളത്. വടക്കാഞ്ചേരിക്ക് സമീപം ഓട്ടുപാറയിലെ കടയിൽ നിന്ന് വ്യാജ അരിച്ചാക്കുകൾ പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ അരി വിതരണക്കാരനായ ചുവന്നമണ്ണ് സ്വദേശി കൃഷ്ണ കുമാറിനെതിരെ വടക്കാഞ്ചേരി പൊലീസ് കേസെടുത്തു

ബ്രാൻഡഡ് ഉൽപ്പന്നമായ റോസ് ബ്രാൻഡ് അരിക്ക് പകരം ഗുണ നിലവാരം കുറഞ്ഞ അരിയാണ് വ്യാജന്മാർ വിപണിയിൽ എത്തിക്കുന്നത്. ബർധമാൻ അഗ്രോ പ്രൊഡക്ട്സിന്റെതെന്ന് തോന്നുന്ന തരത്തിൽ വ്യാജ അരിച്ചാക്കുകൾ നിർമ്മിച്ചാണ് വിതരണം. ബ്രാൻഡ് അംബാസ‍ഡർമാരായ ഇന്നസെന്റിന്റെയും മാമുക്കോയയുടേയും ചിത്രങ്ങൾ വരെ ചാക്കിൽ കാണാം. തമിഴ് നാട്ടിലാണ് ചാക്ക് തയ്യാറാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 

വ്യാജ ഉൽപ്പന്നം കാരണം സ്ഥാപനത്തിന് സാമ്പത്തിക നഷ്ടം സംഭവിച്ചതായി ബർധമാൻ അഗ്രോ പ്രൊഡക്ട്സ് അറിയിച്ചു. ചുവന്നമണ്ണ് സ്വദേശി കൃഷ്ണ കുമാറാണ് ജില്ലയിൽ ഇത്തരത്തിൽ അരി വിതരണം ചെയ്തിട്ടുള്ളത്. ഇയാൾക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. കൃഷ്ണകുമാർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഉയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് സൂചന