പത്തനംതിട്ട: തിരുവല്ലയിൽ അച്ഛനെ ക്രൂരമായി മർദ്ദിച്ച മകനെതിരെ പൊലീസ് കേസെടുത്തു. തിരുവല്ല കവിയൂർ സ്വദേശി എബ്രഹാം തോമസിനാണ് മർദ്ദനമേറ്റത്. മകൻ അനിൽ ഒളിവിലാണ്. 

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. മദ്യ ലഹരിയിലായിരുന്ന അനിൽ അച്ഛൻ എബ്രഹാം തോമസിനെ വടി ഉപയോഗിച്ച് തല്ലുകയും അസഭ്യം പറയുകയും ചെയ്തു. എബ്രഹാം തല്ലരുതെന്ന് മകനോട് അപേക്ഷിച്ചിട്ടും അനിൽ പൊതിരെ തല്ലി. മർദ്ദനത്തിൽ പരിക്കേറ്റ എബ്രഹാമിനെ തിരുവല്ല താലൂക്ക് ആശുപചത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിൽ പരാതി കൊടുക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും എബ്രഹാം തയ്യാറായിരുന്നില്ല. 

അയൽവാസി ആയ ഒരാൾ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് തിരുവല്ല പൊലീസ് അനിലിനെതിരെ കേസെടുത്തത്. ഇരുവരും തമ്മിൽ നിരന്തരം വഴക്കാണെന്നാണ് നാട്ടുകാർ പറയുന്നത്. എബ്രഹാമും അനിലും മാത്രമാണ് ഇവരുടെ വീട്ടിലുള്ളത്.