വീട്ടിൽ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപയുടെ പണം, വിദേശ കറൻസികൾ, 40 പവൻ സ്വർണ്ണവും 1.5 കിലോ വെള്ളി ആഭരണങ്ങൾ എന്നിവ സ്വാതി മോഷ്ടിച്ചതായും ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് തന്റെ കാർ കടത്തിക്കൊണ്ടുപോയതായും യുവാവിന്റെ പരാതി
ബെംഗളൂരു: വേർപിരിയണമെന്ന ആവശ്യത്തിന് പിന്നാലെ ഭർത്താവിന് എയ്ഡ്സ് ബാധിച്ചെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ഭാര്യ ശ്രമിക്കുന്നതായി പരാതി. ബെംഗളൂരുവിലെ പ്രമുഖ വ്യവസായിയാണ് അകന്നു കഴിയുന്ന ഭാര്യയ്ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. കുറച്ച് കാലമായി അകന്നു കഴിയുന്ന ഭാര്യയും 37കാരിയുമായ സ്വാതി ബി ക്കെതിരെയാണ് യമലൂർ സ്വദേശിയും വ്യവസായിയുമായ ദീപക് കുമാർ പരാതിയുമായി എത്തിയിരിക്കുന്നത്. വഞ്ചന, വിശ്വാസവഞ്ചന, മോഷണം, പണം തട്ടിയെടുക്കൽ, വ്യാജരേഖ ചമയ്ക്കൽ, അപകീർത്തിപ്പെടുത്തൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മരത്തഹള്ളി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവിലെ മരത്തഹള്ളിയിൽ കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ ആൻഡ് ഡ്രാഫ്റ്റിംഗ് പരിശീലന കേന്ദ്രം നടത്തുന്ന 51 കാരനായ വ്യവസായിയാണ് പരാതിക്കാരൻ. 2021 ഒക്ടോബറിൽ ഒരു മാട്രിമോണിയൽ സൈറ്റ് വഴിയാണ് ഇവർ പരിചയപ്പെടുന്നത്. 2022 ഫെബ്രുവരിയിൽ ഇവർ വിവാഹിതരായി. വിവാഹത്തിന് മുൻപ് യുവതിക്ക് രണ്ട് പേരുമായി പ്രണയമുള്ളതായി വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് മുൻപ് സ്വാതി തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും ജോലിയെക്കുറിച്ചും തെറ്റായ വിവരങ്ങളാണ് നൽകിയതെന്നും വ്യവസായി ആരോപിക്കുന്നു. വിവാഹത്തിന് ശേഷം സ്വർണാഭരണങ്ങൾ വാങ്ങാനും താമസ സൗകര്യങ്ങൾക്കും ബിസിനസ്സ് നിക്ഷേപങ്ങൾക്കും പുറമെ, സ്വാതിക്ക് ആദ്യ വിവാഹത്തിലുള്ള മകന്റെ വിദ്യാഭ്യാസ ചെലവുകൾക്കായും താൻ വലിയ തുക ചിലവഴിക്കേണ്ടി വന്നതായി ദീപക് കുമാർ പരാതിയിൽ വ്യക്തമാക്കുന്നു.
എന്നാൽ വിവാഹശേഷം തന്റെ അന്തസ്സും പ്രശസ്തിയും നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വാതി തന്നിൽ നിന്ന് 50 ലക്ഷം രൂപ ആവശ്യപ്പെടാൻ തുടങ്ങിയെന്നാണ് ദീപക് കുമാർ ആരോപിക്കുന്നത്. തനിക്ക് എയ്ഡ്സ് രോഗമുണ്ടെന്നും താൻ പെൺവാണിഭ സംഘം നടത്തുന്നുണ്ടെന്നും ഉള്ള വ്യാജപ്രചാരണങ്ങൾ നടത്തുമെന്നായിരുന്നു സ്വാതിയുടെ പ്രധാന ഭീഷണിയെന്നാണ് ആരോപണം. വീട്ടിൽ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപയുടെ പണം, വിദേശ കറൻസികൾ, 40 പവൻ സ്വർണ്ണവും 1.5 കിലോ വെള്ളി ആഭരണങ്ങൾ എന്നിവ സ്വാതി മോഷ്ടിച്ചതായും ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് തന്റെ കാർ കടത്തിക്കൊണ്ടുപോയതായും ദീപക് കുമാർ ആരോപിക്കുന്നു. തന്റെ ഓഫീസിൽ കയറി അക്രമം നടത്തുകയും ചെക്കിൽ വ്യാജ ഒപ്പിട്ട് ബാങ്ക് അക്കൗണ്ടിൽ നിന്ന് 83,000 രൂപ പിൻവലിക്കുകയും ചെയ്തതായും പരാതിയിലുണ്ട്.


