പാറ്റ്ന: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തില്‍ നടി റിയ ചക്രബര്‍ത്തിക്കെതിരെ പരാതി. മുസാഫുര്‍ സ്വദേശിയായ കുന്ദന്‍ കുമാര്‍ എന്നയാളാണ് റിയക്കെതിരെ പരാതിയുമായി ബിഹാറില്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ജൂണ്‍ 24ന് കോടതി ഈ പരാതി പരിഗണിക്കും. സുശാന്തിന്‍റെ ആത്മഹത്യക്ക് കാരണം റിയ ചക്രബര്‍ത്തിയാണെന്നാണ് പരാതിയില്‍ പറയുന്നത്.

മുസാഫുര്‍ സിജിഎം കോടതിയില്‍ ഇത് രണ്ടാം പരാതിയാണ് സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് വരുന്നത്. പാറ്റ്നയില്‍ ജനിച്ച സുശാന്തിനെ ജൂണ്‍ 14നാണ് മുംബൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സല്‍മാന്‍ ഖാന്‍, ആദിത്യ ചോപ്ര, കരണ്‍ ജോഹര്‍, സഞ്ജയ് ലീല ബന്‍സാലി, എക്ത കപൂര്‍ എന്നിവര്‍ക്കെതിരെ നേരത്തെ സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകനാണ് കേസ് ഫയല്‍ ചെയ്തിരുന്നത്. സുശാന്തിന്‍റെ കരിയര്‍ നശിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചെന്നായിരുന്നു സുധീര്‍ ആരോപിച്ചിരുന്നത്.

അതേസമയം, സുശാന്ത് സിംഗ് അവസാന ദിവസങ്ങളിൽ താനുമായി അകന്നിരുന്നെന്ന് നടിയും കാമുകിയുമായ റിയ ചക്രബർത്തി മുംബൈ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് വ്യക്തി ജീവിതത്തിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് റിയ പൊലിസിനോട് വെളിപ്പെടുത്തിയത്. സുശാന്തും റിയയും തമ്മിൽ പ്രണയത്തിലായിരുന്നെന്ന ഗോസിപ്പുകളെ ഇരുവരും തള്ളിപ്പറയുകയോ സമ്മതിക്കുകയോ ചെയ്തിരുന്നില്ല.

ചോദ്യം ചെയ്യലിൽ പ്രണയം വെളിപ്പെടുത്തിയ റിയ ലോക്ഡൗൺ കാലത്ത് സുശാന്തിന്‍റെ ബാന്ദ്രയിലെ ഫ്ലാറ്റിൽ ഒപ്പം താമസിച്ചിരുന്നതായി പറയുന്നു. മറ്റൊരു സുഹൃത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ തർക്കിച്ചാണ് സുശാന്ത് മരിക്കുന്നതിന് തൊട്ടു മുൻപൊരു ദിവസം ഫ്ലാറ്റിൽ നിന്ന് പോയത്. മരിക്കും മുൻപ് രാത്രി സുശാന്ത് റിയയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെന്നും പക്ഷെ കിട്ടിയില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് റിയയെ മാരത്തോൺ ചോദ്യം ചെയ്യലിന് വിധേയയാക്കിയത്.