ബറേലി: ഉത്തർപ്രദേശിലെ ബദാവൂനിൽ അംഗണവാടി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇന്നലെ രാത്രിയാണ് കേസിലെ പ്രധാന പ്രതി സത്യനാരായണൻ അറസ്റ്റിലായത്. മന്ത്രവാദിയായ ഇയാൾ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയിരുന്നു. ഇയാൾക്ക് പുറമെ രണ്ട് പേരാണ് കേസിൽ അറസ്റ്റിലായത്. കേസ് അതിവേഗ കോടതിയാകും പരിഗണിക്കുക.  

ഉഘൈട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് തന്റെ അനുയായിയുടെ വീട്ടില്‍ ഒളിച്ചിരിക്കെയാണ് ഇയാള്‍ പിടിയിലായത്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5,0000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ സഹായികളായ രണ്ട് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് ആരാധനാലയത്തിലേക്ക് പോയ 50കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. 

കൊല്ലപ്പെട്ട സ്ത്രീക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ അംഗം ചന്ദ്രമുഖി ദേവി നടത്തിയ പ്രസ്താവന വിമര്‍ശനവിധേയമായിരുന്നു. കുടുംബാംഗങ്ങള്‍ കൂടെയില്ലാതെ സ്ത്രീ ക്ഷേത്രത്തില്‍ പോയത് തെറ്റാണെന്നും അവര്‍ പോയിരുന്നില്ലെങ്കില്‍ സംഭവം ഒഴിവാക്കാമെന്നുമായിരുന്നു ഇവരുടെ പ്രസ്താവന. കൊലപാതകം ആസൂത്രിതമായിരുന്നെന്നും പ്രതികളില്‍ ഒരാള്‍ ഇവരെ വിളിച്ചുവരുത്തിയെന്നുമാണ് ചന്ദ്രമുഖി ദേവി പറഞ്ഞത്.