നങ്കല്‍: എട്ടുവയസ്സുള്ള പെണ്‍കുട്ടിയെ കഴിഞ്ഞ മൂന്ന് വര്‍ഷമായി ലൈംഗികമായി പീഡിപ്പിക്കുന്ന 53 കാരനെതിരെ പൊലീസ് കേസെടുത്തു. പഞ്ചാബിലെ നങ്കല്‍ ടൗണ്‍ സ്വദേശിയായ നരേഷ് കുമാര്‍ എന്നയാള്‍ക്കെതിരെയാണ് കേസെ റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

നരേഷിന്‍റെ ഭാര്യയുടെ അടുത്ത് ട്യൂഷന് വരുന്ന കുട്ടിയെയാണ് ഇയാള്‍ ശാരീരികമായി ഉപദ്രവിച്ചുപോന്നത്. കുട്ടിയുടെ ബന്ധുക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. 

ഓഗസ്റ്റ് 19ന് ട്യൂഷന്‍ ക്ലാസില്‍ നിന്ന് തിരിച്ചെത്തിയ മകള്‍ സമ്മര്‍ദ്ദത്തിലായതായി ശ്രദ്ധയില്‍പ്പെട്ട അമ്മ ചോദിച്ചപ്പോഴാണ് സംഭവം രക്ഷിതാക്കള്‍ അറിയുന്നത്. ആദ്യം ഇനി ട്യൂഷന്‍ ക്ലാസില്‍ പോകില്ലെന്നാണ് കുട്ടി പറഞ്ഞത്. 

ലഹരിപദാര്‍ത്ഥം നല്‍കി ട്യൂഷന്‍ ടീച്ചറുടെ ഭര്‍ത്താവ് തന്നെ പീഡിപ്പിച്ചുവെന്ന് പിന്നീട് കുട്ടി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇത് തുടരുകയാണെന്നും കുട്ടി രക്ഷിതാക്കളോട് പറഞ്ഞു. മൂന്നാംക്ലാസിലാണ് കുട്ടി പഠിക്കുന്നത്. 

സംഭവം പുറത്തുപറഞ്ഞാല്‍ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് നരേഷ് ഭീഷണിപ്പെടുത്തിയെന്നും കുട്ടി പറഞ്ഞു. കുട്ടിയുടെ ബന്ധുക്കളുടെ മൊഴിയെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചതായി വ്യക്തമാക്കി. അതേസമയം കുറ്റാരോപിതനായ നരേഷിന്‍റെ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതി നിഷേധിച്ചു.