ദില്ലി: എടിഎമ്മില്‍ നിറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ പോയ നേരത്ത് വാനില്‍ നിന്നും 80 ലക്ഷം കവര്‍ന്ന് മോഷ്ടാക്കള്‍. ഈ സമയത്ത് വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറെയും സെക്യൂരിറ്റി ജീവനക്കാരനേയും തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് മോഷ്ടാക്കള്‍ പണം മോഷ്ടിച്ചത്. 80 ലക്ഷം രൂപയുടെ പെട്ടിയാണ് ഇവര്‍ കവര്‍ന്നത്. 

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ദ്വാരകയില്‍ ഒരു സ്വകാര്യ ആശുപത്രിയുടെ അടുത്തുവച്ചാണ് സംഭവമുണ്ടായിരിക്കുന്നത്. ദ്വാരക സെക്ടര്‍ ഒന്നിലെ എടിഎമ്മില്‍ നിന്നും പണം നിറച്ച് ഉദ്യോഗസ്ഥര്‍ തിരിച്ചെത്തിയപ്പോഴേക്കും പണമടങ്ങിയ വാഹനം കാണാതായിരുന്നു.

വാനില്‍ 1.52 കോടി രൂപയുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിലെ 80 കോടിയാണ് മോഷ്ടിക്കപ്പെട്ടത്. വാഹനം മറ്റൊരിടത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പരിക്കേറ്റ നിലയില്‍ ഡ്രൈവറേയും സെക്യൂരിറ്റി ഗാര്‍ഡിനേയും കണ്ടെത്തുകയും ചെയ്തു. ഇവര്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സുരക്ഷാ വീഴ്ചയാണ് ഇത്തരത്തില്‍ മോഷണത്തിന് കാരണമായതെന്നാണ് വിലയിരുത്തുന്നത്. വാഹനത്തില്‍ ആയുധധാരിയായ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നുവെങ്കിലും ഇദ്ദേഹത്തിന് കയ്യിലുള്ള തോക്ക് ഉപയോഗിക്കാന്‍ അറിയില്ലായിരുന്നു. വാഹനത്തില്‍ ജിപിഎസ് സൗകര്യം ഇല്ലാതിരുന്നത് വാഹനം കണ്ടെത്തുന്നത് വൈകാന്‍ കാരണമായിയെന്ന്  ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.