ദില്ലി: സോഷ്യല്‍ മീഡിയയിലൂടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ദൃശ്യങ്ങള്‍ വില്‍പന നടത്തിയ കേസില്‍ സിബിഐ രണ്ടു പേരെ അറസ്റ്റ് ചെയ്തു. എഞ്ചിനീയറായ നീരജ് കുമാര്‍ യാദവ്, കുല്‍ജീത് സിങ് മക്കാന്‍ എന്നിവരെയാണ് സിബിഐയുടെ പ്രത്യേക വിഭാഗം അറസ്റ്റ് ചെയ്തത്.  സാമൂഹ്യമാധ്യമങ്ങളിലൂടെ കുട്ടികളുടെ ലൈംഗിക  ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും വില്‍ക്കുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജനുവരി 22 വരെ റിമാന്‍ഡ് ചെയ്തു. 

വാട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകള്‍ വഴിയാണ് ഇവര്‍ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. പ്രതികള്‍ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയും വില്‍പന നടത്തുകയും ചെയ്തതായി സിബിഐ കണ്ടെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ അശ്ലീല സാഹിത്യവും പ്രതികള്‍ പ്രചരിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
 
പേടിഎം, ഗൂഗിള്‍ പേ തുടങ്ങിയവയിലൂടെയായിരുന്നു പണമിടപാട് നടത്തിയിരുന്നത്. വില്‍പന നടത്താനുള്ള ഉള്ളടക്കങ്ങള്‍ ഇവര്‍  ഇസ്റ്റഗ്രാമിലൂടെ പരസ്യംചെയ്യുകയും ചെയ്തിരുന്നു. കൂടാതെ വാട്‌സ്ആപ്പ്, ടെലിഗ്രാം  മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഇവര്‍ ആശ്രയിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.