കയ്യിലുണ്ടായിരുന്ന നാടൻ തോക്കുപയോ​ഗിച്ചാണ് സുരേഷ് വെടിവച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സുരേഷ്. 

ജയ്പൂർ: വിവാഹത്തിനിടെ ആഘോഷം (Wedding Celebration) അതിരുവിട്ടതോടെ ചടങ്ങുകൾ ദുരന്തത്തിലേക്ക് വഴിമാറി. വിവാഹാഘോഷം കൊഴിപ്പിക്കാൻ വെടിയുതി‍ർത്തതോടെ വിവാഹ വീട് മരണവീടാകുകയായിരുന്നു. വെടിവച്ചയാൾ മരിക്കുകയും വരൻ അടക്കം മൂന്ന് പേ‍‍ർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജസ്ഥാനിലെ സികാറിലാണ് സംഭവം നടന്നത്. ശനിയാഴ്ചയായിരുന്നു ആഘോഷവും അപകടവും. 

വെടിയുതി‍ർത്ത സുരേഷ് സെ​ഗാദിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വച്ച് ഇയാളുടെ ജീവൻ നഷ്ടമായി. കയ്യിലുണ്ടായിരുന്ന നാടൻ തോക്കുപയോ​ഗിച്ചാണ് സുരേഷ് വെടിവച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സുരേഷ്. 

വെടിയേറ്റ വരൻ സം​ഗ്രാം സിം​​ഗിനെതിരെയും കേസുകൾ നിലനിൽക്കുന്നുണ്ട്. പരിക്കേറ്റ് ജയ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ശ്യാം സിംഗ് എന്നയാളുടെ നില ​ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. വിവാഹത്തി് മുന്നോടിയായി നടത്തിയ ആഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെയാണ് സുരേഷ് വെടിയുതി‍ർത്തത്. അബദ്ധത്തിൽ സ്വയം വെടിവയ്ക്കുന്നതിന് മുമ്പ് സുരേഷ് മറ്റ് മൂന്ന് പേ‍ർക്ക് നേരെ വെടിയുതി‍ർത്തിരുന്നു. 

13 പൊലീസ് കേസുകളാണ് സുരേഷ് സെ​ഗാദിനെതിരെ നിലവിലുള്ളത്. ഇയാളുടെ മൃതദേഹം പോസ്റ്റ്മോ‌ർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അതേസമയം വരൻ അടക്കം അഞ്ച് പേരെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തു.