ചില്ലറ കൈയ്യിൽ കരുതാത്തതിന് മറ്റു യാത്രക്കാര്‍ കേള്‍ക്കേ കണ്ടക്ടർ യുവതിയേയും അമ്മയേയും അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചതായും പരാതിയില്‍ പറയുന്നു.

തൃശൂര്‍: ചില്ലറ നല്‍കാത്തതിന്റെ പേരില്‍ യുവതിയേയും മകളേയും ബസില്‍നിന്ന് ഇറക്കിവിട്ടതായി പരാതി. പൊതു പ്രവര്‍ത്തകനായ ഫൈസല്‍ തിപ്പലശേരിയുടെ ഭാര്യയേയും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ മകളേയുമാണ് കുന്നംകുളം -വടക്കാഞ്ചേരി റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ നിന്ന് ഇറക്കിവിട്ടത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 1.20 ഓടെയാണ് സംഭവം.

മകളെ ഓട്ടുപാറയിലുള്ള ഡോക്ടറെ കാണിക്കാനാണ് ഇവര്‍ എരുമപ്പെട്ടി സെന്ററില്‍നിന്ന് ബസില്‍ കയറിയത്. ഇവരുടെ പക്കല്‍ 500ന്റെ നോട്ടാണ് ഉണ്ടായിരുന്നത്. ഇത് നല്‍കിയപ്പോള്‍ ചില്ലറ വേണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ചില്ലറ ഇല്ലായെന്ന് പറഞ്ഞപ്പോള്‍ നെല്ലുവായില്‍ ബസ് നിര്‍ത്തി ഇവരോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ യുവതിയും മകളും എരുമപ്പെട്ടി പൊലീസില്‍ പരാതി നല്‍കി. ചില്ലറ കരുതാത്തതിന് മറ്റു യാത്രക്കാര്‍ കേള്‍ക്കേ കണ്ടക്ടർ യുവതിയേയും അമ്മയേയും അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചതായും പരാതിയില്‍ പറയുന്നു.

തൃശ്ശൂരിൽ മറ്റൊരു സംഭവത്തിൽ ബസ് ചാർജ് കുറവെന്ന് പറഞ്ഞ് വിദ്യാർത്ഥിയെ കണ്ടക്ടർ ഇറക്കിവിട്ടതായും പരാതിയുയർന്നിട്ടുണ്ട്. ആറാം ക്ലാസുകാരിയെയാണ് കണ്ടക്ടർ പാതിവഴിയിൽ ഇറക്കി വിട്ടത്. പഴമ്പാലക്കോട് എസ്.എം.എം ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിക്കാണ് ദുരനുഭവമുണ്ടായത്. കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് രൂപ വാങ്ങിയശേഷം വീടിന് രണ്ടു കിലോമീറ്റർ മുന്നിലുള്ള സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു.

 തിരുവില്വാമല കാട്ടുകുളം വരെ ആയിരുന്നു വിദ്യാർഥിനിക്ക് പോകേണ്ടിയിരുന്നത്. സാധാരണ കുട്ടി സ്കൂൾ ബസ്സിലാണ് പോയിരുന്നത്. എന്നാൽ ഇന്ന് സ്വകാര്യ ബസ്സിലാണ് പോയത്. കുട്ടിയുടെ കയ്യിൽ രണ്ട് രൂപയാണ് ഉണ്ടായിരുന്നത്. എന്നാൽ അഞ്ച് രൂപ വേണമെന്നായിരുന്നു കണ്ടക്ടറുടെ ആവശ്യം. തുടർന്ന് കുട്ടിയെ കണ്ടക്ടർ പാതിവഴിയിൽ ഇറക്കിവിടുകയായിരുന്നു. വീടിന് രണ്ടു കിലോമീറ്റർ മുന്നിലുള്ള സ്റ്റോപ്പിലാണ് ഇറക്കി വിട്ടത്. വഴിയിൽ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്. 

Read More : പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചു, വെട്ടിപ്പരിക്കേൽപ്പിച്ചു; അച്ഛന് 48 വർഷം കഠിന തടവ്