ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിനു സാധ്യത. രാഗിണി ദ്വിവേദിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. അറസ്റ്റിലായ മറ്റ്‌ പ്രതികളെയും ചോദ്യം ചെയ്യും. രാഗിണിയെ അറസ്റ്റ് ചെയ്തത് കൂടുതൽ പ്രമുഖരിലേക്ക് അന്വേഷണം നീളുന്നതിന്‍റെ സൂചനയാണ്.

അതേസമയം മുഹമ്മദ് അനൂപുമായി ബന്ധമുള്ള മറ്റ്‌ കണ്ണികളെ കുറിച്ചുള്ള നാർക്കോട്ടിക് കൺട്രോൾ ബ്യുറോയുടെ അന്വേഷണവും പുരോഗമിക്കുകയാണ്. കേസിൽ ഒന്നാം പ്രതിയായ അനിഖയെ അനൂപിന് പരിചയപ്പെടുത്തിയ കണ്ണൂർ സ്വദേശിയായ ജംറീൻ ആഷിക്കിനായി കേന്ദ്ര ഏജൻസി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ഇതിനിടെ മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ഫോൺവിളി വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരുമായി മൂന്ന് മാസത്തിനിടെ 76 തവണയാണ് അനൂപ് മുഹമ്മദ് സംസാരിച്ചത്.

പ്രമുഖ സംവിധായകൻ ഖാലിദ് റഹ്മാൻ 22 തവണ അനൂപ് ഫോണില്‍ സംസാരിച്ചു. ബിനിഷ് കോടിയേരിയും അനൂപ് മുഹമ്മദും ജൂണിൽ മാത്രം പരസ്പരം നടത്തിയ 58 കോളുകളാണ്. ജൂലൈയിൽ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന ബെംഗളൂരുവിലെത്തുന്നതിന് രണ്ട് ദിവസം മുമ്പ് ഫോണിൽ 8 മിനിറ്റോളം സംസാരിച്ചു. ജൂലൈ മാസത്തിൽ 10 കോളുകൾ മാത്രമാണ് വിളിച്ചത്. രഹസ്യ കോളുകൾ പലതും വാട്സാപ്പിലൂടെയാണ് നടത്തിയതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ പറയുന്നു.

ജൂലൈ മാസത്തിൽ എട്ട് കോളുകൾ ഇരുവരും ചെയ്തു. ബിനീഷിന്റെ അടുത്ത സുഹൃത്തും തലശ്ശേരിയിലെ ബികെ 55 ക്ലബ്ബിന്റെ അധ്യക്ഷനുമായ അജ്മൽ പിലാക്കണ്ടി ഓഗസ്റ്റ് അഞ്ച് മുതൽ 16 വരെയുള്ള ദിവസങ്ങളിൽ 11 തവണയാണ് അനൂപുമായി ഫോണിൽ സംസാരിച്ചത്. സിനിമാ സംവിധായക ഖാലിദ് റഹ്മാൻ ജൂൺ ജൂലൈ മാസങ്ങളിലായി 22 തവണ ഫോണിൽ സംസാരിച്ചതിന്‍റെയും രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു.