ബരാപുള്ള ഫ്ലൈഓവറില്‍വച്ച് പള്‍സര്‍ ബൈക്കിലെത്തിയ സംഘം ഞങ്ങള്‍ക്ക് നേരെ വെടിവെക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടര്‍ സിദ്ധാര്‍ത്ഥ് പുരോഹിത് പറഞ്ഞു

ദില്ലി: സ്വകാര്യ വാര്‍ത്താചാനല്‍ സംഘം സഞ്ചരിച്ച കാറിന് നേരെ ദില്ലിയില്‍ വെടിവപ്പ്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേരാണ് കാറിന് നേരെ വെടിവെച്ചത്. ഹിന്ദി ചാനലായ എബിപി ന്യൂസ് സംഘത്തിന് നേരെയായിരുന്നു ആക്രമണ ശ്രമം. റിപ്പോര്‍ട്ടറും ക്യാമറമാനും ഡ്രൈവറുമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ദില്ലി പ്രസാദ് നഗറില്‍ കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ നോയിഡയില്‍നിന്ന് കരോള്‍ബാഗിലേക്ക് പോകുകയായിരുന്നു ഞങ്ങള്‍. ബരാപുള്ള ഫ്ലൈഓവറില്‍വച്ച് പള്‍സര്‍ ബൈക്കിലെത്തിയ സംഘം ഞങ്ങള്‍ക്ക് നേരെ വെടിവെക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടര്‍ സിദ്ധാര്‍ത്ഥ് പുരോഹിത് പറഞ്ഞു.

മൂന്ന് തവണയാണ് വെടിവച്ചത്. ആദ്യം കാറിനും പിന്നീട് കണ്ണാടിയിലും വെടിയുണ്ടകളേറ്റു. മൂന്നാമത്തെ വെടിയുണ്ട എവിടെയും കൊണ്ടില്ല. അക്രമികള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ബൈക്ക് ഓടിച്ചിരുന്നയാള്‍ തന്നെയാണ് വെടിവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിവരം അറിയിച്ചിട്ടും സംഭവ സ്ഥലത്ത് പൊലീസ് എത്താന്‍ നന്നേ വൈകി. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും റിപ്പോര്‍ട്ടര്‍ ആരോപിച്ചു. കൃത്യവിലോപം കാട്ടിയ മൂന്ന് പൊലീസുകാരെ സസ്പെന്‍റ് ചെയ്തെന്ന് ദില്ലി പൊലീസ് അറിയിച്ചു. 

Scroll to load tweet…