അമരാവതി: ഇലക്ട്രോണിക് ചിപ് ഉപയോഗിച്ച് അളവില്‍ കൃത്രിമം കാണിച്ച 33 പെട്രോള്‍ പമ്പുകള്‍ പൂട്ടിച്ചു. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലെ പമ്പുകളാണ് പൂട്ടിച്ചത്. ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോള്‍ ആയിരം മില്ലി ഇന്ധനം വാങ്ങിക്കുമ്പോള്‍ 970 മില്ലി മാത്രം ലഭിക്കുന്ന രീതിയിലായിരുന്നു തട്ടിപ്പ്. ഡിസ്പ്ലേ ബോര്‍ഡില്‍ കൃത്യമായ അളവ് കാണിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ അളവ് കുറവായിരിക്കും ഉപഭോക്താവിന് ലഭിക്കുക. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ 17, ഭാരത് പെട്രോളിയം കോര്‍പറേഷന്റെ 9, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെയും എസാറിന്റെയും 2 വീതം പമ്പുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്.

എസ് ചിപ്പുകള്‍ ഉപയോഗിച്ച് സോഫ്റ്റ്വെയറില്‍ തിരിമറി നടത്തിയത് പമ്പുടമകളുടെ അറിവോടെയാണെന്നാണ് സൈബരബാദ് പൊലീസ് കമ്മീഷണര്‍ വി സി സജ്ജനാര്‍ ശനിയാഴ്ച വിശദമാക്കിയതായി ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരത്തിലെ പതിനാല് ഐസി ചിപ്പും എട്ട് ഡിസ്പ്ലേകളും മൂന്ന് ജിബിആര്‍ കേബിളും ഒരു മദര്‍ബോര്‍ഡും ഒരു ഹുണ്ടായ് ഐ ട്വന്‍റി കാറും അടക്കമാണ് സംഘത്തിലെ ഒരാളെ പിടികൂടിയിരിക്കുന്നത്. ബാഷ, ബാജി ബാബ, മദസുഗുരി ശങ്കര്‍, മല്ലേശ്വര്‍ റാവു എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

 

ആന്ധ്രപ്രദേശിലെ എലുരു സ്വദേശികളാണ് ഇവര്‍. ഒന്‍പത് പമ്പ് ഉടമകളും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. അഞ്ച് പമ്പുടമകള്‍ ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്നുമാണ് തട്ടിപ്പിനാവശ്യമായ ചിപ്പുകളും ഇലക്ട്രോണിക്സ് സാധനങ്ങളും എത്തിച്ചിരുന്നതെന്നാണ് വിവരം. ജോസഫ്, ഷിബു ജോസഫ് എന്നിവരാണ് സാധനങ്ങള്‍ എത്തിച്ച് നല്‍കിയിരുന്നതെന്നാണ് വിവരം. എണ്‍പതിനായിരം രൂപമുതല്‍ രു ലക്ഷത്തി ഇരുപതിനായിരം രൂപ വരെ ഈടാക്കിയാണ് തട്ടിപ്പിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നതെന്നാണ് വിവരം. തട്ടിപ്പിനേക്കുറിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനേയും ഭാരത് പെട്രോളിയം ലിമറ്റഡിനേയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനേയും അറിയിച്ചതായി പൊലീസ് വ്യക്തമാക്കി.