ചെന്നൈ: എഴു സ്ത്രീകളെ വിവാഹം കഴിക്കുകയും, ആറ് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്ത 'പൊലീസുകാരന്‍' ഒടുവില്‍ വ്യാജനാണെന്ന് തെളിഞ്ഞു. സിനിമയെ വെല്ലുന്ന കഥയാണ്  രാജേഷ് പൃഥ്വി വ്യാജനെ ചുറ്റിപ്പറ്റി പുറത്തുവരുന്നത്. തിരുപ്പുര്‍ സ്വദേശിയാണ് രാജേഷ് പൃഥ്വി. ഇയാള്‍ക്ക് 42 വയസാണ്. ട്രിച്ചി, കോയമ്പത്തൂര്‍, തിരുപ്പൂര്‍, തിരുപ്പതി, കാളഹസ്തി എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ പരാതികളാണ് ഇയാള്‍ക്കെതിരെ ഉയരുന്നത്.

പോലീസ് യൂണിഫോമിലുള്ള ഫോട്ടോകള്‍ സ്ത്രീകളെ കാണിച്ചശേഷം താന്‍ പോലീസുകാരനായിരുന്നുവെന്നും ഏറ്റുമുട്ടലുകളില്‍ മനംമടുത്ത് ജോലി ഉപേക്ഷിച്ചതാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. 2017 ല്‍ ചെന്നൈയില്‍ ഒരു ടെലിമാര്‍ക്കറ്റിംഗ് കമ്പനി ആരംഭിച്ചാണ് ഇയാള്‍ തന്‍റെ വേട്ടയ്ക്ക് തുടക്കമിട്ടത്. താന്‍ ചെന്നൈ പൊലീസിലെ മിടുക്കനായ ഏറ്റുമുട്ടല്‍ വിദഗ്ധനാണ് എന്നാണ് ഇയാള്‍ പറയുന്നത്. ഇതിനൊപ്പം തന്നെ താന്‍ രണ്ട് ക്രിമിനലുകളെ വധിച്ചിട്ടുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടു.

ടെലിമാര്‍ക്കറ്റിംഗ് കമ്പനി ഇയാള്‍ നടത്തിയത് തന്നെ സ്ത്രീകളെ വശീകരിക്കാന്‍ വേണ്ടി മാത്രമാണെന്നും പോലീസ് പറയുന്നു. കമ്പനിയിലെ ജോലിക്കാരിയായ ഒരു 18കാരിയുടെ മാതാപിതാക്കള്‍ എഗ്‌മോര്‍ പോലീസിന് നല്‍കിയ പരാതിയാണ് രാജേഷ് പൃഥ്വിയുടെ എല്ലാ നാടകങ്ങളും പൊളിച്ചു. സ്ഥാപനത്തിലെ 22 ജീവനക്കാരില്‍ ഒരാളായിരുന്നു ഈ 18കാരിയും. ജൂണ്‍ 30 മുതല്‍ മകളെ കാണാനില്ലെന്ന് കാണിച്ചായിരുന്നു മാതാപിതാക്കള്‍ പരാതി നല്‍കിയത്.

പോലീസിന്റെ അന്വേഷണത്തില്‍ രാജേഷ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് ബോധ്യപ്പെട്ടു. ഇതോടെ മാതാപിതാക്കള്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തി. പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും തിരുപ്പൂരിലെ നോച്ചിപാളയത്തുനിന്നും സെപ്തംബര്‍ 9ന് പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു. രാജേഷ് തന്നെ വിവാഹം കഴിച്ചതാണെന്നായിരുന്നു പെണ്‍കുട്ടിയുടെ അവകാശവാദം. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ തേടി ഇയാള്‍ വീട്ടിലെത്തുകയും പോലീസ് പിടിയിലാവുകയുമായിരുന്നു. 

പോലീസിന്‍റെ അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിവായി. ഇയാള്‍ ടെലിമാര്‍ക്കറ്റിംഗ് കമ്പനി വഴി മെഡിക്കല്‍ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും 30 ലക്ഷം രൂപ വാങ്ങിയിരുന്നു. ഈ പണം തന്‍റെ ഭാര്യമാരെ പോറ്റാനാണ് ഉപയോഗിച്ചത്. ജോലി സ്ഥലത്തെ ഏഴു സ്ത്രീകളെ വിവാഹം കഴിച്ച ഇയാള്‍ ആറു പേരെ അവിടെവച്ച് തന്നെ പീഡിപ്പിച്ചതായും പോലീസ് കണ്ടെത്തി. 

ഇയാളില്‍ നിന്നും വ്യാജ ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐഡന്ററ്റി കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ കണ്ടെത്തി. രാജേഷ് പൃഥ്വി എന്ന പേരിലുള്ളതാണ് ഈ കാര്‍ഡുകള്‍. എന്നാല്‍ ഇയാളുടെ യഥാര്‍ത്ഥ പേര് ദിനേശ് ആണെന്ന് പോലീസ് പറയുന്നു.  ഒരിക്കല്‍ നെല്ലൂരില്‍ വച്ച് ഇയാള്‍ അറസ്റ്റിലായെങ്കിലും കോയമ്പത്തുര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. ജാമ്യം കിട്ടുന്നതുവരെ പലയിടത്തായി ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് എഗ്‌മോര്‍ പോലീസ് പറയുന്നു. 

ഹൗസ് കീപ്പിംഗ് ജോലികള്‍ക്കായി ഹൗസ് മെയിഡ് കണ്‍സള്‍ട്ടന്‍സിയില്‍ നിന്നും സ്വീകരിക്കുന്ന സ്ത്രീകളെയും ഇയാള്‍ പീഡിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ശ്രീറാം ഗുരു ദീന, ദയാലന്‍, ദീന ദയാല്‍, രാജേഷ് പെരുമാള്‍ തുടങ്ങി നിരവധി പേരുകളിലും ഇയാള്‍ അറിയപ്പെട്ടിരുന്നു. ഇയാളില്‍ നിന്നും പോലീസ് സബ് ഇന്‍സ്‌പെക്ടറുടെ യൂണിഫോം, വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്, ഒരു ജോഡി കൈവിലങ്ങുകള്‍, പാന്‍, ആധാര്‍ കാര്‍ഡുകളും കണ്ടെത്തിട്ടുണ്ട്. ഇയാളുടെ തട്ടിപ്പിന്റെ കൂടുതല്‍ ചിത്രങ്ങള്‍ വരുംനാളുകളില്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പോലീസ്.