ചെന്നൈ: ബൈബിള്‍ ക്ലാസില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികളോട് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട പാസ്റ്റര്‍ക്കെതിരെ പരാതി.  ക്രിസ്ത്യൻ സംഘടനയായ സ്ക്രിപ്ച്വര്‍ യൂണിയന്‍റെ വെല്ലൂരിലുള്ള പാസ്റ്ററ്‍ക്കെതിരെയാണ് പരാതി. സ്ക്രിപ്ച്വര്‍ യൂണിയന്‍റെ  പ്രസിദ്ധീകരണങ്ങളുടെ ഇംഗ്ലീഷ് വിഭാഗം സെക്രട്ടറിയായ സാം ജയ്‌സുന്ദർ ആണ് ബൈബിള്‍‌ ക്ലാസില്‍ പങ്കെടുത്ത കുട്ടികള്‍ നഗ്ന ചിത്രങ്ങള്‍ ചോദിച്ചത്.

സാം ജയ്‌സുന്ദർ തന്‍റെ ക്ലാസില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ക്ക് ലൈംഗിക ചൂഷണം നടത്തുക എന്ന ലക്ഷ്യത്തോടെ സന്ദേശങ്ങൾ അയച്ചതായാണ് പരാതി. വെല്ലൂരിലെ ക്രിസ്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സാം ജയ്‌സുന്ദർ  അയച്ച അശ്ലീല സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ട് ഒരു ട്വിറ്റര്‍ അക്കൌണ്ടില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

ജയ്‌സുന്ദർ കുട്ടികളോട് നഗ്ന ചിത്രങ്ങള്‍ അയച്ചുതരാന്‍ നിര്‍ബന്ധിക്കുകയും ഉറങ്ങുമ്പോള്‍ എന്ത് വസ്ത്രമാണ് ധരിക്കുന്നത്, ചുംബിക്കുകയും ആലംഗനം ചെയ്തിട്ടുണ്ടോ തുടങ്ങി അശ്ലീല ചുവയോടെ സന്ദേശങ്ങള്‍ അയക്കുകയും മറുപടി നല്‍കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുകയായിരുന്നു.  

സംഭവം വിവാദമായതോടെ സ്ക്രിപ്ച്വര്‍ യൂണിയൻ ബോർഡ് അംഗങ്ങൾ ഞായറാഴ്ച രാത്രി അടിയന്തര യോഗം ചേർന്ന് ജയ്‌സുന്ദറിനെതിരെ  കർശന നടപടിയെടുക്കാൻ തീരുമാനിച്ചു. തുടർന്ന് തിങ്കളാഴ്ച പാസ്റ്ററെ സസ്‌പെൻഡ് ചെയ്തുവെന്ന് സ്ക്രിപ്ച്വര്‍ യൂണിയൻ ദേശീയ ഡയറക്ടർ ജോഷ്വ കിരുബരാജ് പറഞ്ഞതായി ദേശീയ മാധ്യമമായ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജയ്‍സുന്ദറിനെതരായ പരാതികൾ അന്വേഷിക്കാൻ ഒരു അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ടിനനുസരിച്ച് അദ്ദേഹത്തിനെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്നും ജോഷ്വ കിരുബരാജ് വ്യക്തമാക്കി. സാം ജെയ്‌സുന്ദർ കഴിഞ്ഞ 17 വർഷമായി പാസ്റ്ററായി പ്രവര്‍ത്തിക്കുകയാണ്.  സാം ജെയ്‌സുന്ദറിനെ കൂടാതെ സ്ക്രിപ്ച്വര്‍ യൂണിയനിലെ  രണ്ട് സ്റ്റാഫുകളായ റൂബൻ ക്ലെമന്റ്, ആൽബർട്ട് എന്നിവര്‍ക്കെതിരെയും ആരോപണമുണ്ട്.  ഇവരെയും ചോദ്യം ചെയ്യുന്നുണ്ടെന്ന് സ്ക്രിപ്ച്വര്‍ യൂണിയൻ ദേശീയ ഡയറക്ടർ   അറിയിച്ചു.