തിരുവല്ല: പ്രസവശേഷം കുഞ്ഞിനെ കുഴിച്ചുമൂടിയ യുവതി പൊലീസ് നീരീക്ഷണത്തിൽ. മല്ലപ്പള്ളി ആനിക്കാട് സ്വദേശിയായ 21-കാരിയാണ് പൂർണ്ണ വളർച്ചയെത്താതെ പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. രക്ത സ്രാവത്തെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവം നടന്ന ദിവസം രാവിലെ കുളിമുറിയിൽ വെച്ചാണ് പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞിനെ യുവതി പ്രസവിച്ചത്. പ്രസവിക്കുമ്പോൾ തന്നെ ജീവനില്ലാതിരുന്ന കുഞ്ഞിനെ യുവതിയുടെ പിതാവും അമ്മൂമ്മയും ചേർന്ന് വീടിന് പിന്നിലെ പറമ്പിൽ കുഴിച്ചുമൂടുകയായിരുന്നു. തുടർന്ന് രക്ത സ്രാവം നിൽക്കാതെ വന്നതോടെ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ വച്ച് കുഞ്ഞിനെ കുഴിച്ചുമൂടിയ വിവരം ഡോക്ടറോട് യുവതി വെളിപ്പെടുത്തി. വിവരം ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു.

തുടർന്ന് കീഴ്ർവായ്പ്പൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും കുഞ്ഞിന്‍റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. തിരുവല്ല ആർഡിയോയുടെ സാന്നിദ്ധ്യത്തിലായിരുന്നു മൃതദേഹം പുറത്തെടുത്തത്. ജനിച്ച സമയം കുഞ്ഞിന് ജീവനില്ലായിരുന്നുവെന്നാണ് യുവതി പൊലീസിനോട് പറഞ്ഞിരുന്നത്.

അതേസമയം, യുവതി ഗർഭിണിയായിരുന്നുവെന്ന വിവരം അറിയില്ലെന്നാണ് യുവതിയുടെ പിതാവിന്റെ വിശദീകരണം. അഞ്ച് മാസം മാത്രമായിരുന്നു ഭ്രൂണത്തിന് വളർച്ചയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതിനാൽ കൊലക്കുറ്റത്തിന് കേസെടുക്കില്ല. ജനനവിവരം മറച്ചു വെക്കുകയും മൃതദേഹം അനുമതിയില്ലാതെ മറവു ചെയ്യുകയും ചെയ്തതിന് യുവതിക്കും പിതാവിനും അമ്മൂമ്മയ്ക്കുമെതിരെ പൊലീസ് കേസെടുക്കും.