അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ സംഘടനായ തോണ്‍, ഗൂഗിളുമായി സഹകരിച്ചാണ് പഠനം നടത്തിയത്. 1998 മുതല്‍ 2017 വരെയുള്ള കേസുകള്‍ പഠിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ന്യുയോര്‍ക്ക്: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡന ചിത്രങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായത് ഇന്ത്യയിലെന്ന് പഠന റിപ്പോര്‍ട്ട്. 38.8 ലക്ഷം കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്‍റര്‍ ഫോര്‍ മിസ്സിംഗ് ആന്‍ഡ് എക്സ്പ്ലോയിറ്റഡ് ചില്‍ഡ്രന്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ സംഘടനായ തോണ്‍, ഗൂഗിളുമായി സഹകരിച്ചാണ് പഠനം നടത്തിയത്.
1998 മുതല്‍ 2017 വരെയുള്ള കേസുകള്‍ പഠിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യ, തായ്‍ലന്‍റ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ മുന്നില്‍. മെക്സിക്കോ, ബംഗ്ലാദേശ്, യുഎസ്എ, ബ്രസീല്‍, വിയറ്റ്നാം, അള്‍ജീരിയ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചത്. അതേസമയം, 1000 ഇന്‍റര്‍നെറ്റ് ഉപയോക്താക്കളില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമ ചിത്രങ്ങള്‍ പ്രചരിച്ചരാജ്യങ്ങളില്‍ ഇറാഖ്, തായ്‍ലന്‍ഡ്, സൊമാലിയ എന്നീ രാജ്യങ്ങളാണ് മുന്നില്‍. ഈ പട്ടികയില്‍ 11.9 ശതമാനമാണ് ഇന്ത്യയിലെ നിരക്ക്.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ ചിത്രങ്ങള്‍(ചൈല്‍ഡ് സെക്സ്വല്‍ അബ്യൂസ് ഇമേജറി-സിഎഎസ്ഐ) ആഗോള തലത്തില്‍ വര്‍ധിക്കുകയാണെന്നും ഒരോ മാസവും 10 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും പഠനത്തില്‍ പറയുന്നു. 1998-2017 കാലയളവില്‍ 2.3 കോടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 40 ശതമാനവും 2017ല്‍ മാത്രമാണ്.
10 വര്‍ഷം മുമ്പ് കുട്ടികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ പിറന്നത് അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലായിരുന്നെങ്കില്‍ ഇപ്പോള്‍ ഏഷ്യയായി മാറി. 68 ശതമനമാണ് ഇപ്പോള്‍ ഏഷ്യയുടെ നിരക്ക്. അമേരിക്ക 19 ശതമാനവും യൂറോപ് ആറ് ശതമാനവും ആഫ്രിക്ക ഏഴ് ശതമാനവുമാണ് നിരക്ക്.
