Asianet News MalayalamAsianet News Malayalam

യുപിയില്‍ ബന്ദികളാക്കിയ കുട്ടികളെ മോചിപ്പിച്ചു: പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു

തോക്കും ഗ്രനേഡും ഉൾപ്പടെയുള്ള ആയുധങ്ങൾ കൈവശം ഉണ്ടായിരുന്ന ഇയാളെ അനുനയിപ്പിക്കാൻ ഉള്ള ശ്രമങ്ങളാണ് പൊലീസ് ആദ്യം നടത്തിയത്. എന്നാലിത് പരാജയപ്പെട്ടതോടെ  പ്രത്യേക ഓപ്പറേഷനിലൂടെ പ്രതിയെ കൊലപ്പെടുത്തുകയായിരുന്നു. 

children rescued after police killed the murder accused
Author
Lucknow, First Published Jan 31, 2020, 6:18 AM IST

ഫറൂഖാബാദ്: ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ വീട്ടിൽ  ബന്ദികളാക്കിയ 23 കുട്ടികളെ  രക്ഷപ്പെടുത്തി. കുട്ടികളെ ബന്ദികളാക്കിയ കൊലക്കേസ് പ്രതിയെ പൊലീസ് വധിച്ചു. എട്ട് മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെയാണ് പൊലീസും ഭീകര വിരുദ്ധ സേനയും ചേർന്ന് കുട്ടികളെ രക്ഷപ്പെടുത്തിയത്. 10 മണിക്കൂറിൽ അധികമാണ് പ്രതി സുഭാഷ് ബഥം കുട്ടികളെ തോക്കിൻ മുനയിൽ നിർത്തിയത്. തോക്കും ഗ്രനേഡും ഉൾപ്പടെയുള്ള ആയുധങ്ങൾ കൈവശം ഉണ്ടായിരുന്ന ഇയാളെ അനുനയിപ്പിക്കാൻ ഉള്ള ശ്രമങ്ങളാണ് പൊലീസ് ആദ്യം നടത്തിയത്. എന്നാലിത് പരാജയപ്പെട്ടതോടെ  പ്രത്യേക ഓപ്പറേഷനിലൂടെ പ്രതിയെ കൊലപ്പെടുത്തുകയായിരുന്നു. കുട്ടികൾ എല്ലാവരും സുരക്ഷിതരാണെന്ന് യുപി ഡിജിപി ഒപി സിംഗ് പറഞ്ഞു.

ഒരു കൊലക്കേസിൽ  ജീവപര്യന്തം തടവിന് ശിക്ഷിച്ച സുഭാഷ് ബഥം അടുത്തിടെയാണ് പരോളിൽ ഇറങ്ങിയത്. കഴിഞ്ഞ ദിവസം മകളുടെ ഒന്നാം പിറന്നാൾ ആഘോഷത്തിനായി സമീപത്തുള്ള കുട്ടികളെ ഇയാൾ വീട്ടിലേക്ക് ക്ഷണിച്ചു. തുടർന്ന് വീട്ടിൽ എത്തിയ കുട്ടികളെയും  ഭാര്യയേയും സുഭാഷ് ബഥം തോക്കിന്‍ മുനയില്‍ നിർത്തി ബന്ദികൾ ആക്കുകയായിരുന്നു. നേരം ഏറെ വൈകിയിട്ടും കുട്ടികൾ തിരിച്ചെത്താതായതോടെ പരിസരത്തുള്ളവർ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീടിന് പുറത്ത് തടിച്ച് കൂടിയവർക്ക് എതിരെയും സുഭാഷ് ബഥം വെടിയുതിർത്തിരുന്നു. കൊലക്കേസിൽ ശിക്ഷ അനുഭവിക്കുന്ന സുഭാഷ് ബഥം വലിയ മാനസിക സംഘർഷം അനുഭവിച്ചിരുന്നു . ഇതാകാം പ്രതിയെ ഇത്തരം കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത പൊലീസ് സംഘത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
 

Follow Us:
Download App:
  • android
  • ios