ശുഭ്ര രഞ്ജൻ ഐഎഎസ് അക്കാദമിയുടെ ഭോപ്പാലിലെ ഫ്രാഞ്ചൈസി നടത്തിയിരുന്ന പ്രിയങ്ക് ശർമ്മ എന്നയാളാണ് ഈ കുറ്റകൃത്യത്തിന്റെ സൂത്രധാരൻ.

ഭോപ്പാൽ: ദില്ലിയിലെ പ്രമുഖ ഐഎഎസ് അക്കാദമി ഡയറക്ടറെ തോക്കിൻ മുനയിൽ തട്ടിക്കൊണ്ടു പോയി കവർന്നത് 1.89 കോടി രൂപ. ദില്ലിയിലെ ഐഎഎസ് കോച്ചിംഗ് അക്കാദമിയായ ശുഭ്ര രഞ്ജൻ അക്കാദമിയുടെ ഡയറക്ടറെയാണ് ഭോപ്പാലിൽ തോക്കിൻ മുനയിൽ തട്ടിക്കൊണ്ട് പോയത്. 4 മണിക്കൂറോളം തടങ്കലിൽ വച്ചാണ് വൻതുക തട്ടിയെടുത്തത്. ശുഭ്ര രഞ്ജൻ ഐഎഎസ് അക്കാദമിയുടെ ഭോപ്പാലിലെ ഫ്രാഞ്ചൈസി നടത്തിയിരുന്ന പ്രിയങ്ക് ശർമ്മ എന്നയാളാണ് ഈ കുറ്റകൃത്യത്തിന്റെ സൂത്രധാരൻ. സ്ഥാപനം വിപുലീകരിക്കുന്നതിനെക്കുറിച്ചും ഒരു സെമിനാർ നടത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്യാനെന്ന വ്യാജേന പ്രിയങ്ക് ശർമ്മ ശുഭ്രയെ ഭോപ്പാലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഒരു ബിസിനസ്സ് യാത്രയാണെന്ന് കരുതി ഭോപ്പാലിലെത്തിയ ശുഭ്ര ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പ്രിയങ്ക് അവരെ ഹോട്ടലിൽ നിന്ന് ബാഗ്സെവാനിയയിലുള്ള ഒരു വാടക ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. ഈ ഫ്ലാറ്റ് കുറ്റകൃത്യത്തിന് ഒരു ദിവസം മുമ്പ് മാത്രം വാടകയ്‌ക്കെടുത്തതാണെന്നാണ് പുറത്ത് വരുന്ന വിവരം.

Add Asianetnews as a Preferred SourcegooglePreferred

ഇവർ ഇവിടെ എത്തിയപ്പോൾ ആയുധധാരികളായ മറ്റ് അക്രമികൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ശുഭ്രയെയും കൂടെയുണ്ടായിരുന്നവരെയും നാല് മണിക്കൂറോളം ആയുധധാരികൾ തടങ്കലിൽ വെച്ചു. കരച്ചിലും ബഹളവും പുറത്തുകേൾക്കാതിരിക്കാൻ പ്രതികൾ ഫ്ലാറ്റിൽ ഉച്ചത്തിൽ ഭക്തിഗാനങ്ങൾ വയ്ക്കുകയായിരുന്നു. തോക്കിൻമുനയിൽ നിറുത്തി ശുഭ്രയെക്കൊണ്ട് 1.89 കോടി രൂപ 'ജനശില സൊസൈറ്റി', 'ആർഎസ് എന്റർപ്രൈസസ്' എന്നീ പേരുകളിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓൺലൈനായി ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. പിന്നീട് പൊലീസിനെ അറിയിക്കാതിരിക്കാൻ ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരാളെ പെട്ടിയിലടച്ചു കെട്ടിയിട്ടിരിക്കുന്ന രീതിയിലുള്ള വ്യാജ വീഡിയോ കാണിച്ച്, പരാതിപ്പെട്ടാൽ കൂടെയുള്ളവരെ അപായപ്പെടുത്തുമെന്നും ഇവർ ഭീഷണിപ്പെടുത്തി.

പണം കൈമാറിയ ശേഷം ബുധനാഴ്ച രാത്രി വൈകി ശുഭ്രയെ മോചിപ്പിച്ചു. ദില്ലി സ്വദേശിയായ സന്തോഷ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭോപ്പാൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ പ്രിയങ്ക് ശർമ്മ അസുഖം അഭിനയിച്ച് ഭോപ്പാലിലെ എയിംസ് ആശുപത്രിയിലെ ഐസിയുവിൽ അഡ്മിറ്റായി. എന്നാൽ പൊലീസ് അവിടെയെത്തി ഡോക്ടർമാരുടെ സഹായത്തോടെ പരിശോധന നടത്തുകയും ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ട് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രിയങ്കിനെ കൂടാതെ മറ്റ് അഞ്ച് സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്ക്, വാഹനങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകൾ ഉടൻ തന്നെ മരവിപ്പിക്കാൻ സാധിച്ചു. 1.89 കോടി രൂപയും ഇപ്പോൾ മരവിപ്പിച്ചിരിക്കുകയാണ്. ഈ തുക ഉടൻ തന്നെ പരാതിക്കാരിക്ക് തിരികെ നൽകാനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചുവരികയാണ്. കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം