ബേക്കറി ജംക്‌ഷനിൽ ശ്രീധന്യ ഫ്ലാറ്റിന്റെ നാലാംനിലയിലായിരുന്നു ഡിജോയും ഭാര്യ മിനിയും സഞ്ചരിച്ചിരുന്ന കാർ ഉണ്ടായിരുന്നത്.

തിരുവനന്തപുരം: കാർ സ്‌റ്റാർട്ട് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ചെരിപ്പ് ബ്രേക്കിനും ക്ലച്ചിനും ഇടയിൽ കുടുങ്ങി, നിയന്ത്രണം നഷ്ടമായ കാർ പില്ലറിൽ ഇടിച്ച് കയറി. ഡിജോ കാപ്പന് അപകടമുണ്ടായത് ആദ്യമായി കേരളത്തിലേക്ക് എത്തുന്ന കൊച്ചുമകനെ സ്വീകരിക്കാനുള്ള യാത്രയ്ക്കിടെ. കൊച്ചുമകനെ ആദ്യമായി കാണുന്നതിന്റെ സന്തോഷത്തിൽ അവരെ സ്വീകരിക്കാനായി തിരുവനന്തപുരം വിമാനത്താവളത്തിലേക്കു പോകാനിറങ്ങുമ്പോഴായിരുന്നു ഡിജോ കാപ്പന് അപകടം ഉണ്ടായത്. അയർലൻഡിൽനിന്ന് എത്തുന്ന മുത്ത മകൻ അശ്വിന്റെ ഭാര്യ അർഷയെയും അഞ്ച് മാസം പ്രായമായ കേലബിനെയും സ്വീകരിക്കാനായിരുന്നു ഒക്ടോബർ 16നു പുലർച്ചെ 3.45ന് വിമാനത്താവളത്തിലേക്ക് ഇറങ്ങിയത്.കാർ പാർക്കിംഗ് ഏരിയയിൽ നിന്ന് മുന്നോട്ട് എടുത്തപ്പോൾ തന്നെ കാറിന്റെ ബ്രേക്കിനും ക്ലച്ചിനും ഇടയിൽ ഡിജോയുടെ ചെരിപ്പ് കുടുങ്ങുകയായിരുന്നു.

ബേക്കറി ജംക്‌ഷനിൽ ശ്രീധന്യ ഫ്ലാറ്റിന്റെ നാലാംനിലയിലായിരുന്നു ഡിജോയും ഭാര്യ മിനിയും സഞ്ചരിച്ചിരുന്ന കാർ ഉണ്ടായിരുന്നത്. മിനിയെ അരികത്തിരുത്തി കാർ സ്‌റ്റാർട്ട് ചെയ്തു. മുന്നോട്ടു നീങ്ങി മിനിറ്റുകൾക്കകം ഡിജോയുടെ ചെരിപ്പ് ബ്രേക്കിനും ക്ലച്ചിനും ഇടയിൽ കൂടുങ്ങി. വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല. ചെരിപ്പ് തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ആക്സ‌ിലറേറ്ററിൽ കാൽ പതിച്ചതിനാൽ കാർ മുന്നോട്ട് കുതിച്ചു. നാലാം നിലയിലെ സംരക്ഷണ ഭിത്തിയിൽ ഇടിക്കാതിരിക്കാൻ ഡിജോ കാർ വെട്ടിത്തിരിച്ചു. പില്ലറിൽ നേരിട്ട് ഇടിച്ചാൽ ഭാര്യയ്ക്ക് അപകടം സംഭവിക്കാനും സാധ്യതയുണ്ടെന്ന് കണ്ട് ഡിജോ ഡ്രൈവർ സീറ്റിൻ്റെ മുൻഭാഗം കൊണ്ട് പില്ലറിൽ ഇടിച്ചു. കാർ നിന്നെങ്കിലും സ്റ്റിയറിംഗിനും സീറ്റിനും ഇടയിൽ കുടുങ്ങിയ ഡിജോയ്ക്ക് പുറത്തേക്ക് ഇറങ്ങാനായില്ല. മിനി പുറത്തിറങ്ങി നോക്കിയപ്പോൾ ഡിജോ അനങ്ങാൻ കഴിയാത്ത നിലയിലായിരുന്നു. ഉടൻ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് മൂന്നു മാസത്തോളം വെല്ലൂരിൽ ചികിത്സയിൽ കഴിഞ്ഞശേഷം ഡിജോയെ പാലാ മാർ സ്ലീവ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അവിടെ ഒരു മാസം കഴിഞ്ഞശേഷം സഹോദരിയുടെ വീട്ടിൽ വിശ്രമിക്കുമ്പോഴാണു വീണ്ടും ശാരീരികാസ്വാസ്ഥ്യം ഉണ്ടാകുന്നത്.പിന്നീട് വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഉപഭോക്താക്കളുടെയും കർഷകരുടെയും അവകാശ സംരക്ഷണങ്ങൾക്കു വേണ്ടി കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവർത്തിച്ച് കേരളത്തിലെ പൊതുരംഗത്ത് സജീവ സാന്നിധ്യമായി പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ഡിജോ കാപ്പൻ. സെൻ്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ എന്ന സംഘടനയുടെ മുഖ്യ ചുമതലക്കാരിലൊരാളായിരിക്കെ സുപ്രീംകോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ നൽകിയ പൊതുതാല്‌പര്യ ഹർജികളിലൂടെ രണ്ട് ഡസൻ കേസുകളിലെങ്കിലും പൊതുജനങ്ങൾക്ക് പ്രയോജനകരമായ വിധികൾ നേടിയെടുത്തിട്ടുണ്ട് ഡിജോ കാപ്പൻ.

കെ.എസ്.ആർ.ടി.സി യുടെയും വൈദ്യുതി ബോർഡിൻ്റെയും പ്രവർത്തനങ്ങൾ ജനോപകാരപ്രദമാക്കി മാറ്റുവാൻ നിരന്തരം പൊരുതിയ വ്യക്തിയായിരുന്നു ഡിജോ. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുമ്പാകെ ഉപഭോക്താക്കളുടെ പ്രതിനിധിയെന്ന നിലയിൽ ഡിജോ കാപ്പനെപ്പോലെ നിരന്തരം ഹാജരായിട്ടുളള മറ്റൊരാളില്ല.പൊതുഗതാഗത സംരക്ഷണ സമിതി പ്രസിഡണ്ട്, ശബരി റെയിൽവേ സെൻട്രൽ ആക്ഷൻ കൗൺസിൽ പ്രസിഡണ്ട്, ഡെമോക്രാറ്റിക് ഹ്യൂമൺ റൈറ്റ്സ് ആന്റ് എൻവയൺമെൻ്റ്, പ്രൊട്ടക്ഷൻ ഫോറം പ്രസിഡണ്ട് തുടങ്ങി നിരവധി രാഷ്ട്രീയേതര സംഘടനകളുടെ ചുമതലകൾ വഹിച്ച ഡിജോ കാപ്പൻ വിവിധ കർഷക സംഘടനകളുടെ നേതൃതല ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്നു. പൊതുവിഷയങ്ങളിൽ ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. കക്ഷി രാഷ്ട്രീയത്തിതീതമായി വിപുലമായ സൗഹൃദ ബന്ധത്തിനുടമയായ കാപ്പൻ, സി.കെ.ജീവൻ സ്‌മാരക ട്രസ്റ്റിന്റെ സംഘാടകരിൽ ഒരാളായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം