ചൈൽഡ് വെൽഫെയർ കമ്മറ്റി മുമ്പാകെ ഹാജരാക്കിയ കുട്ടികളെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അമ്മ അറസ്റ്റിലായതിനാൽ അഞ്ചര വയസ്സുകാരനെയും സഹോദരി മൂന്നര വയസ്സുകാരിയെയും ഏറ്റെടുക്കാൻ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് തീരുമാനിക്കുകയായിരുന്നു.

ഇടുക്കി: ഇടുക്കി ശാന്തൻപാറക്ക് സമീപം പേത്തൊട്ടിയിൽ അഞ്ചര വയസുകാരനെ പൊള്ളിച്ചതിനെ തുടർന്ന് അറസ്റ്റിലായ അമ്മയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരുടെ രണ്ടു കുട്ടികളെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഏറ്റെടുത്തു. ചൈൽഡ് വെൽഫെയർ കമ്മറ്റി മുമ്പാകെ ഹാജരാക്കിയ കുട്ടികളെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അമ്മ അറസ്റ്റിലായതിനാൽ അഞ്ചര വയസ്സുകാരനെയും സഹോദരി മൂന്നര വയസ്സുകാരിയെയും ഏറ്റെടുക്കാൻ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് തീരുമാനിക്കുകയായിരുന്നു.

അമ്മയെ അറസ്റ്റു ചെയ്തതും ഇതിന് കാരണമായി. ജുവനൈൽ ജസ്റ്റീസ് അക്ട് പ്രകാരം കുറ്റം ചുമത്തിയ അമ്മയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിന് അച്ഛൻറെ പിന്തുണ ഉണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ അറസ്റ്റിലായ തമിഴ്നാട് സ്വദേശിയായ സ്ത്രീ പേത്തൊട്ടിയിൽ സ്ഥിര താമസക്കാരിയായ തോട്ടം തൊഴിലാളിയാണ്. ആറ് ദിവസം മുമ്പാണ് സംഭവം നടന്നത്. കുട്ടിയുടെ ശരീരത്തിൽ നാല് ഭാഗത്തായി പൊളളലേറ്റിട്ടുണ്ട്. തവി അടുപ്പിൽ വച്ച് ചൂടാക്കിയാണ് പൊള്ളലേൽപ്പിച്ചത്.

സമീപത്തെ വീടുകളിലുള്ള കുട്ടികളെ അടിക്കുന്നുവെന്നും കുസൃതി കാണിക്കുന്നുവെന്നും പരാതി ഉയർന്നതിനെ തുടർന്നാണ് ശിക്ഷിച്ചതെന്നാണ് അമ്മ തന്നെ പറഞ്ഞത്. സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് പോയ ഇവർ അവിടെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയതായി പറയുന്നു. തിരികെ എത്തിയപ്പോൾ കാലിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ട സമീപവാസികൾ ആണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് കുട്ടിയെ ശാന്തൻപാറ സർക്കാർ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. സംഭവത്തിൽ ചൈൽഡ് ലൈനും അന്വേഷണം തുടങ്ങി. കുട്ടിക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ചൈൽഡ് ലൈൻ അധികൃതർ പറഞ്ഞു.