ലഖ്നൗ: ഭാര്യക്ക് വിഷം നൽകിയ ശേഷം സിഐഎസ്എഫ് ജവാൻ ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലാണ് സംഭവം. അജിത്ത് എന്നയാളാണ് ഭാര്യ ജൂലിക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ ജൂലി മരിച്ചു. അജിത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.

കാസിംപൂർ പവർഹൗസിൽ അജിത്ത് ചൊവ്വാഴ്ച ജോലിക്ക് എത്താതിരുന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. അജിത്തിനെ ഓഫീസിൽ കാണാത്തതിനെ തുടർന്ന് ഒപ്പം ജോലി ചെയ്തിരുന്നയാൾ അവരുടെ വീട്ടിൽ എത്തി. നിരവധി തവണ അജിത്തിനെ വിളിച്ചുവെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് മരിച്ചു കിടക്കുന്ന ജൂലിയേയും അബോധാവസ്ഥയിലായ അജിത്തിനെയും കണ്ടത്. 

പട്ന സ്വദേശിയായ അജിത് കഴിഞ്ഞ രണ്ട് വർഷമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജൂലിക്ക് വിഷ ​ഗുളിക കൊടുത്ത ശേഷം താനും കഴിച്ചുവെന്നും പിന്നീട് വീടിന്റെ വാതിൽ പൂട്ടി താക്കോൽ വലിച്ചെറിഞ്ഞുവെന്നും അജിത്ത് പൊലീസിന് മൊഴി നൽകി. ഇവർക്ക് രണ്ട് വയസായ മകനുണ്ട്.

യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചുവെന്നും ദമ്പതികളുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും സർക്കിൾ ഓഫീസർ അനിൽ സമാണിയ പറഞ്ഞു.