ഹൈദരബാദ്: ലോക്ക്ഡൌണില്‍  വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം പൊതുപ്രവര്‍ത്തകന്‍ അടക്കം രണ്ടുപേര്‍ പിടിയില്‍. തെലങ്കാനയിലെ മേദക് ജില്ലയിലെ വനസ്ഥലിപുരത്താണ് സംഭവം. അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരന്‍ രക്ഷപ്പെട്ടു, ഇവിടെ നിന്നും മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തിയതായി രച്ചകൊണ്ട പൊലീസ് വ്യക്തമാക്കി. 

രാഘവേന്ദ്ര റെഡ്ഡി എന്നയാളാണ് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വീട്ടില്‍ അനാശാസ്യ കേന്ദ്രം തുടങ്ങിയത്. ഇയാളുടെ ഭാര്യ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് സ്ത്രീകളെ വീട്ടിലെത്തിച്ചായിരുന്നു ഇടപാട്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഇയാളുടെ ഭാര്യയാണ് വിവരം പൊലീസില്‍ അറിയിച്ചത്. ലോക്ക്ഡൌണില്‍ കഷ്ടപ്പാട് അനുഭവിക്കുന്ന വീടുകളിലെ സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ഇയാള്‍ ഇടപാടുകള്‍ക്ക് ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ട്. 

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭാര്യയ്ക്ക് തോന്നിയ സംശയമാണ് സെക്സ് റാക്കറ്റിനെ പിടിയിലാക്കാന്‍ സഹായിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ബൊലാറം മുന്‍സിപ്പാലിറ്റി ഉപാധ്യക്ഷന്‍ അന്തിറെഡ്ഡി അനില്‍ റെഡ്ഡിയും ഹൈദരബാദിലെ ഒരു എംഎന്‍സിയില്‍ ജോലി ചെയ്യുന്ന ദിക്ഷിത് എന്ന ടെക്കിയുമാണ് അറസ്റ്റിലായിട്ടുള്ളത്. 

രാഘവേന്ദ്ര റെഡ്ഡിയുടെ ഉപദ്രവം സഹിക്കാന്‍ കഴിയാതെയാണ് ഭാര്യ പൊലീസിനെ സമീപിച്ചത്. ഇയാള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ടെന്ന് വനസ്ഥലിപുരം ഇന്‍സ്പെക്ടര്‍ എ വെങ്കടയ്യ പറഞ്ഞു. ശനിയാഴ്ചയാണ് ഇവിടെ രാഘവേന്ദ്ര റെഡ്ഡിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.