ബിരിയാണി കഴിക്കാനെത്തിയ രണ്ട് ചെറുപ്പക്കാര്‍ ചിക്കൻ കറിയുടെ ഗ്രേവി ചോദിച്ചു. തിരക്കിനിടയിൽ ഹോട്ടൽ ജീവനക്കാര്‍ ഗ്രേവി നൽകാന്‍ വൈകി. ഇതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ചെന്നൈ: തമിഴ്നാട്ടിൽ ഭക്ഷണത്തെ ചൊല്ലി വീണ്ടും തല്ലുമാല. ചിക്കൻറെ ഗ്രേവി കിട്ടാൻ താമസിച്ചതിന് യുവാക്കള്‍ ഹോട്ടൽ ജീവനക്കാരെ തല്ലിച്ചതച്ചു. തമിഴ്നാട്ടിലെ കാഞ്ചിപുരത്തെ ഒരു ഹോട്ടലിലാണ് സംഭവം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ കുറച്ച് ഗ്രേവി ചോദിച്ചു. അത് നൽകാൻ ഇത്തിരി വൈകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ക്ഷുഭിതരായ യുവാക്കള്‍ ഹോട്ടൽ ജീവനക്കാരെ ചീത്തവിളിക്കുകയും തല്ലിച്ചതയ്ക്കുകയുമായിരുന്നു.

സംഘർഷത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അക്രമികള്‍ പിടിയിലായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കാഞ്ചിപുരം തേറടിയിലെ റോയൽ ബിരിയാണി ഹോട്ടലിലാണ് സംഭവം. ബിരിയാണി കഴിക്കാനെത്തിയ രണ്ട് ചെറുപ്പക്കാര്‍ ചിക്കൻ കറിയുടെ ഗ്രേവി ചോദിച്ചു. തിരക്കിനിടയിൽ ഹോട്ടൽ ജീവനക്കാര്‍ ഗ്രേവി നൽകാന്‍ വൈകി. ക്ഷുഭിതരായ ഇരുവരും അടുക്കളയുടെ ഉള്ളിൽ കയറി ഗ്രേവി എടുക്കാൻ ശ്രമിച്ചപ്പോള്‍ ജീവനക്കാര്‍ എതിര്‍ത്തു.

ഇതോടെ ജീവനക്കാരെ അസഭ്യം പറഞ്ഞ് ഇരുവരും പുറത്തുപോയി 10 മിനിറ്റിനുള്ളിൽ രണ്ട് സുഹൃത്തുക്കളെയും കൂട്ടി തിരിച്ചുവന്ന് കസേര എടുത്ത് ഹോട്ടൽ ജീവനക്കാരെ ആക്രമിക്കുകയും ഭക്ഷണസാധനങ്ങള്‍ എടുത്തെറിയുകയും ചെയ്തു. ഇതോടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റുള്ളവര്‍ ഭയന്ന് പുറത്തേക്കോടി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ചീപുരം പൊലീസ് , സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ തലയ്ക്ക് പരിക്കേറ്റ ബംഗാള്‍ സ്വദേശികളായ രണ്ട് ഹോട്ടൽ ജീവനക്കാര്‍ കാ‌ഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സയിലാണ്.

അടുത്തിടെ തമിഴ്നാട്ടിലെ മയിലാടുതുറൈ സീർകാഴി സൗത്ത് രഥ റോഡിലെ കല്യാണമണ്ഡപത്തില്‍ പായസത്തിന്‍റെ പേരിൽ വിവാഹ നിശ്ചയത്തിന് എത്തിയിരുന്നവർ തമ്മിലടിച്ചിരുന്നു. സദ്യക്കിടെ പായസം എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ചോറുകഴിച്ച് തീരുന്നതിന് മുമ്പ് പായസം വിളമ്പിയതിന്‍റെ പേരില്‍ ചിലർ എതിരഭിപ്രായം പറഞ്ഞു. തുടർന്നുള്ള തർക്കത്തിൽ പായസത്തിന് രുചി പോരെന്ന് വരന്‍റെ ബന്ധുക്കളിൽ ചിലർ പറഞ്ഞു. ഇതോടെ ഇരുഭാഗത്തും അതിഥികൾ ചേർന്ന് തർക്കം വഷളായി. ഇതിനിടെ വരന്‍റെ ഒപ്പമെത്തിയവരിൽ ചിലർ വധുവിന്‍റെ വീട്ടുകാർക്ക് നേരെ പായസം വലിച്ചെറിഞ്ഞു. അതോടെ കൂട്ടത്തല്ലായി മാറുകയായിരുന്നു.

Read More : 'പായസത്തിന് രുചി പോര, ചോറ് തീരും മുമ്പ് വിളമ്പി'; വധുവിന്‍റെ വീട്ടുകാർക്ക് നേരെ പായസം എറിഞ്ഞു, കൂട്ടത്തല്ല്

Read More : ഹണി ട്രാപ്പ്, തട്ടിപ്പ്, കവർച്ച; ഒടുവിൽ സിനി 'പൂമ്പാറ്റ'യായി, ആ പേരിട്ട പൊലീസുകാർ ഇവരാണ്, സംഭവം ഇങ്ങനെ