ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ് ഷഹറില്‍ പത്താം ക്ലാസുകാരന്‍ സഹപാഠിയെ വെടിവെച്ച് കൊലപ്പെടുത്തി. ഇരിക്കുന്ന സീറ്റിനെച്ചൊല്ലിയുള്ള കശപിശയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വെടിവെച്ച വിദ്യാര്‍ത്ഥിക്കും കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിക്കും 14 വയസ്സാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ക്ലാസ് മുറിയില്‍ വെച്ച് സീറ്റിനെച്ചൊല്ലി ഇരുവരും കശപിശയുണ്ടായിരുന്നു. ഇതില്‍ ഒരു വിദ്യാര്‍ത്ഥി വീട്ടില്‍ നിന്ന് അമ്മാവന്റെ കൈവശമുള്ള തോക്ക് കൊണ്ടുവന്ന് വ്യാഴാഴ്ച സഹപാഠിയെ വെടിവെച്ചു.

മൂന്ന് തവണയാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. ആര്‍മി ഉദ്യോഗസ്ഥനായ അമ്മാവന്റെ റിവോള്‍വറാണ് വിദ്യാര്‍ത്ഥി മോഷ്ടിച്ചതെന്ന് സീനിയര്‍ പൊലീസ് ഓഫിസര്‍ സന്തോഷ് കുമാര്‍ സിംഗ് പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് മറ്റൊരു നാടന്‍ തോക്കും പൊലീസ് കണ്ടെടുത്തു. സഹപാഠിയുടെ വയറ്റിലാണ് വെടിയേറ്റത്.

സംഭവ സ്ഥലത്തുതന്നെ വെച്ച് കുട്ടി മരിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ അധ്യാപകരും വിദ്യാര്‍ത്ഥികളും പിടികൂടി. രക്ഷപ്പെടാനായി ആകാശത്തേക്ക് വെടിവെച്ച് ഭയപ്പെടുത്താനും ശ്രമിച്ചു. അധ്യാപകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്.