ദിവസങ്ങൾക്കു മുമ്പ് കുട്ടി യുവതിയെ സമീപിച്ചത് സെക്സ് ചാറ്റില്‍ ഏർപ്പടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്. ഇത് നിഷേധിച്ചതോടെ കുട്ടി യുവതിയോട് പണമാവശ്യപ്പെട്ടു. പണം നല്‍കാന്‍ വിസമ്മതിച്ചപ്പോൾ യുവതിക്ക് അവരുടെ തന്നെ മോർഫ് ചെയ്ത ദൃശ്യങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദില്‍ സെക്സ് ചാറ്റിലേർപ്പെടാന്‍ വിസമ്മതിച്ച ഇരുപത്തിയൊന്നുകാരിയെ ഭീഷണിപ്പെടുത്തി പന്ത്രണ്ടുവയസുകാരന്‍. മോർഫ് ചെയ്ത ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്നാണ് കുട്ടി യുവതിയെ ഭീഷണിപ്പെടുത്തിയത്. പഠന ആവശ്യങ്ങൾക്കായുള്ള കാര്യങ്ങൾ ചർച്ച ചെയ്യാന്‍ രൂപീകരിച്ച സാമൂഹിക മാധ്യമ ഗ്രൂപ്പില്‍ അംഗങ്ങളാണ് യുവതിയും കുട്ടിയും.

ഇതേ ഗ്രൂപ്പില്‍ നിന്നാണ് കുട്ടി യുവതിയുടെ ഫോണ്‍ നമ്പർ സംഘടിപ്പിച്ചത്. പഠനസംബന്ധമായ സംശയങ്ങൾ ചോദിക്കാന്‍ കുട്ടി നേരത്തെയും തന്നെ സമീപിച്ചിട്ടുണ്ടെന്ന് യുവതി പറയുന്നു. ദിവസങ്ങൾക്കു മുമ്പ് കുട്ടി യുവതിയെ സമീപിച്ചത് സെക്സ് ചാറ്റില്‍ ഏർപ്പടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്. ഇത് നിഷേധിച്ചതോടെ കുട്ടി യുവതിയോട് പണമാവശ്യപ്പെട്ടു.

പണം നല്‍കാന്‍ വിസമ്മതിച്ചപ്പോൾ യുവതിക്ക് അവരുടെ തന്നെ മോർഫ് ചെയ്ത ദൃശ്യങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു. യുവതിയുടെ സാമൂഹിക മാധ്യമത്തിലെ അക്കൗണ്ടില്‍ നിന്ന് ശേഖരിച്ച ചിത്രങ്ങളാണ് കുട്ടി മോർഫ് ചെയ്യാന്‍ ഉപയോഗിച്ചത്. ഇതോടെ ഭയന്നു പോയ യുവതി തന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വച്ചു.

സ്വിച്ച് ഓണ്‍ ചെയ്താല്‍ ഫോണ്‍ ഹാക്ക് ചെയ്ത് കൂടുതല്‍ ചിത്രങ്ങൾ കുട്ടി മോർഫ് ചെയ്യുമോ എന്ന് ആശങ്കപ്പെട്ടിരുന്നതായി യുവതി പറയുന്നു. ഒരാഴ്ചയായി യുവതിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ സുഹൃത്തുക്കൾ അന്വേഷിച്ചെത്തി. ഇവരോടാണ് യുവതി കാര്യങ്ങൾ വെളിപ്പെടുത്തിയത്. 18 ചിത്രങ്ങളാണ് കുട്ടി യുവതിക്ക് അയച്ചു കൊടുത്തത്. സംഭവത്തെ തുടർന്ന് യുവതി പൊലീസില്‍ പരാതി നല്‍കി.

എന്നാല്‍, കുറ്റാരോപിതനായ കുട്ടിയുടെ മാതാപിതാക്കൾ യുവതിയുടെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി. കുട്ടിയുടെ ഫോണ്‍ ഹാക്ക് ചെയ്തു എന്നാണ് ഇവർ പറയുന്നത്. ദിവസങ്ങൾക്ക് മുമ്പ് ദില്ലിയില്‍ സ്കൂൾ വിദ്യാർത്ഥികളായ ആണ്‍കുട്ടികളടക്കമുള്ള ഒരു സംഘം ബോയ്സ് ലോക്കർ റൂം എന്ന ഇന്‍സറ്റാഗ്രാം ഗ്രൂപ്പില്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിനടക്കം പദ്ധതി തയ്യാറാക്കിയ സംഭവം ഏറെ വിവാദങ്ങക്ക് കാരണമായിരുന്നു.