കാസര്‍കോട്: മഞ്ചേശ്വരത്ത് കോളേജ് പോയ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി. കൊള്ളിയൂരിലെ ഹസൻ കുഞ്ഞിയുടെ മകൻ ഹാരിസിനെയാണ് കഴിഞ്ഞ ദിവസം കാറിൽ തട്ടിക്കൊണ്ടുപോയത്. ഹാരിസിന്റെ ബന്ധു ഉൾപ്പെട്ട പണമിടപാട് തർക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സൂചന.

സഹോദരിക്കൊപ്പം മംഗളൂരുവിലെ കോളേജിലേക്ക് പോകുന്നതിനിടെയാണ് ഹാരിസിനെ തട്ടിക്കൊണ്ടുപോയത്. വോർക്കാടി കൊള്ളിയൂരിൽ വച്ച് കാറിലെത്തിയ സംഘം തടഞ്ഞു നിർത്തി ബലമായി കാറിൽ കയറ്റുകയായിരുന്നു. ഹാരിസിന്റെ അമ്മാവൻ ലത്തീഫും പൈവളിഗെ സ്വദേശി നപ്പട്ടെ റഫീഖും തമ്മിൽ സ്വർണ ഇടപാടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക പ്രശ്‌നമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. എന്നാൽ സാമ്പത്തിക ഇടപാടുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നാണ് ഹാരിസിന്റെ വീട്ടുകാർ പറയുന്നത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം സംഘം വീട്ടുകാരുമായി ബന്ധപ്പെടുകയും വിട്ടുകിട്ടാൻ രണ്ടു കോടി ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ ശബ്ദ സന്ദേശം പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരേയും കണ്ടെത്താനായിട്ടില്ല. സംഘം കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചന.