കുറ്റിപ്പുറത്ത് കോളജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായി പരാതി. അതേ സമയം കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പ്രതി വിദേശത്തേക്ക് കടന്നെന്ന കാരണം പറഞ്ഞ് അന്വേഷണം കാര്യക്ഷമമായെടുക്കുന്നില്ലെന്ന് കാണിച്ച് മലപ്പുറം എസ് പിക്കും പരാതി നൽകി

കുറ്റിപ്പുറത്തെ കോളജില്‍ അധ്യാപികയായിരുന്ന യുവതിയെ പൊന്നാനിയിലെ കോളജില്‍ അധ്യാപകനായിരുന്ന യുവാവ് വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും രഹസ്യക്യാമറയില്‍ പകര്‍ത്തിയ ശേഷം തിങ്കളാഴ്ച്ച വൈകിട്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു. ഫോണ്‍ നമ്പറും അഡ്രസും നല്‍കിയതോടെ യുവതിയുടെ വാട്സാപ്, ഫേയ്സ്ബുക്ക് അക്കൗണ്ടുകളിലേക്ക് നിരവധി അശ്ലീല കോളുകളും സന്ദേശങ്ങളുമാണെത്തുന്നത്.

വിദേശത്തുളള പ്രതി ദൃശ്യങ്ങളും സന്ദേശങ്ങളും അപ്​ലോഡ് ചെയ്തതിന്റെ തെളിവുകൾ സഹിതമാണ് യുവതി പരാതി നൽകിയത്. കുറ്റിപ്പുറം പൊലീസ് യുവതിയുടെ പരാതി ഗൗരവത്തോടെ കാണാത്ത സാഹചര്യം പരിശോധിക്കുമെന്നും പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്ന തടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും മലപ്പുറം എസ്പി യു അബ്ദുൾ കരീം പറഞ്ഞു.