മലപ്പുറം: ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന കല്ലട ബസിലെ യാത്രക്കാരിക്ക് നേരെ പീഡനശ്രമമുണ്ടായതായി പരാതി. ബസിലെ യാത്രക്കാരനാണ് യുവതിയ്ക്ക് നേരെ അതിക്രമം നടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കാസര്‍കോട് കൂടലു സ്വദേശി മുനവര്‍ (23) പിടിയിലായി. പ്രതി കയ്യെത്തി ദേഹത്ത് പിടിക്കുകയായിരുന്നുവെന്ന് പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പുലര്‍ച്ചെ മൂന്നരയോടെ മലപ്പുറം കോട്ടയ്ക്കലിന് സമീപമായിരുന്നു സംഭവം. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. സംഭവത്തിൽ യാത്രക്കാരി സമയോചിതമായി പ്രതികരിച്ചതു കൊണ്ടാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ബസ് ജീവനക്കാരും യാത്രക്കാരും പൊലീസും സഹകരിച്ചതായി പരാതിക്കാരിയായ യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 

തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേയ്ക്ക് പോകുകയായിരുന്നു ബസ്. പുലര്‍ച്ചെ രണ്ടര മൂന്നുമണിയോടെ, പ്രതി കയ്യെത്തി തന്‍റെ ദേഹത്ത് പിടിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. 'ആദ്യം സ്വപ്നമാണ് എന്നാണ് കരുതിയത്. എഴുന്നേറ്റ് നോക്കുമ്പോഴാണ് പ്രതി തന്‍റെ ശരീരത്തില്‍ പിടിക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അയാളെ തള്ളിമാറ്റി, ബഹളം വയ്ക്കുകയായിരുന്നു. താന്‍ അപ്പോള്‍ തന്നെ ഫേസ്ബുക്കില്‍ ലൈവ് ചെയ്തിരുന്നെന്നും, ഫോണ്‍ കണ്ടപ്പോള്‍ പ്രതി ക്ഷമ ചോദിച്ചെന്നും' യുവതി പ്രതികരിച്ചു. കോട്ടക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി യുവതി വ്യക്തമാക്കി.

കഴിഞ്ഞ ജൂണിൽ കല്ലട ട്രാവൽസിന്‍റെ മറ്റൊരു ബസില്‍ യാത്രക്കാരിക്ക് നേരെ ബസ് ജീവനക്കാരൻ ലൈംഗികാതിക്രമത്തിന് ശ്രമിച്ചിരുന്നു. കണ്ണൂരിൽ നിന്ന് കൊല്ലത്തേയ്ക്കുള്ള യാത്രയ്ക്കിടെ ബസ്സിലെ രണ്ടാം ഡ്രൈവറായ കോട്ടയം പുതുപ്പള്ളി സ്വദേശി ജോൺസൺ ജോസഫ് ആയിരുന്നു യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചിരുന്നു.