Asianet News MalayalamAsianet News Malayalam

പബ്ബില്‍ വച്ച് യുവതിയെ ശല്യപ്പെടുത്തുകയും സുഹൃത്തിനെ മർദ്ദിക്കുകയും ചെയ്തു; ബിജെപി നേതാവിനെതിരെ കേസ്

തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് അനുപം ഹസ്ര രം​ഗത്തെത്തി. റോയ് സെൽഫി എടുക്കാൻ വരുമ്പോൾ മദ്യപിച്ച് ബോധം പോയ രീതിയിലായിരുന്നുവെന്ന് അനുപം പറഞ്ഞു.

complaint against bjp leader for beating man at pub in kolkata
Author
Kolkata, First Published Jan 6, 2020, 5:11 PM IST

കൊൽക്കത്ത: യുവാവിനും വനിതാ സുഹൃത്തിനും നേരെ അതിക്രമം നടത്തിയ സംഭവത്തിൽ ബിജെപി നേതാവിനെതിരെ കേസ്. കൊൽക്കത്തിയിലെ ബിജെപി നേതാവായ അനുപം ഹസ്രയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മുൻ തൃണമൂൽ കോൺ​ഗ്രസ് എംപി കൂടിയായ അനുപം പബ്ബിൽ വച്ച് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് യുവാവിന്‍റെ പരാതി.

സുരേഷ് റോയ് എന്നയാളാണ് അനുപം ഹസ്രയ്ക്കെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. തന്റെ വനിതാ സുഹൃത്തിനൊപ്പം പബ്ബിൽ പോയപ്പോഴാണ് നേതാവിനെ കണ്ടതെന്നും പ്രശ്നങ്ങൾ ആരംഭിച്ചതെന്നും റോയിയുടെ പരാതിയിൽ പറയുന്നു. രാഷ്ട്രീയ നേതാവിനൊപ്പം സെൽഫി എടുത്തതിനു പിന്നാലെ അദ്ദേഹം തങ്ങൾക്കരികിലെത്തി കാരണം ചോദിക്കുകയായിരുന്നുവെന്ന് യുവാവ് പരാതിയിൽ പറയുന്നു. പിന്നീട് മോശമായ വാക്കുകൾ ഉപയോഗിച്ച അനുപം തന്‍റെ മുഖത്തടിച്ചെന്നും റോയ് പറഞ്ഞു.

തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ ശല്യം ചെയ്ത അനുപം അവരുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ മാല വലിച്ചെടുത്തതായും പരാതിയിൽ പറയുന്നു. പബ്ബിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പബ്ബ് മാനേജരുടെയും ആ സമയത്ത് അവിടെയുണ്ടായവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുമെന്നും അന്വേഷണ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. അതേസമയം തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് അനുപം ഹസ്ര രം​ഗത്തെത്തി. റോയ് സെൽഫി എടുക്കാൻ വരുമ്പോൾ മദ്യപിച്ച് ബോധം പോയ രീതിയിലായിരുന്നുവെന്ന് അനുപം പറഞ്ഞു.

'എന്റെ സുരക്ഷാ ഉദ്യോ​ഗസ്ഥർ ആദ്യം അയാളെ അടുത്തേക്ക് വരാൻ സമ്മതിച്ചില്ല. എന്നാൽ വീണ്ടും ആവശ്യപ്പെട്ടപ്പോൾ ഫോട്ടോ എടുക്കാൻ അനുവദിക്കുകയായിരുന്നു. സെൽഫി എടുത്തതിന് ശേഷം അയാൾ തിരിച്ചു പോകുകയും ചെയ്തു. ശേഷം തന്റെ വീഡിയോ എടുത്ത് ആർക്കോ അയച്ചുകൊടുക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥർ കാണുകയായിരുന്നു.താന്‍ പരാതിപ്പെട്ടതിന് പിന്നാലെ പബ്ബ് മാനേജർ അവരെ സ്ഥലത്ത് നിന്ന് പറഞ്ഞ് വിടുകയും ചെയ്തു '- അനുപം ഹസ്ര പറയുന്നു. മറ്റ് സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും കേസുമായി ബന്ധപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥരും തന്നെ സമീപിച്ചിട്ടില്ലെന്നും അനുപം ഹസ്ര വിശദമാക്കി.

Follow Us:
Download App:
  • android
  • ios