പത്തനംതിട്ട: തിരുവല്ലയിൽ ഡോക്ടർക്കെതിരെ സമൂഹിക മാധ്യമങ്ങളിലുടെ വ്യാജ പ്രചരണം നടത്തുന്നതായി പരാതി. തിരുവല്ലയിൽ നടന്ന മുഖം മൂടി ആക്രമണം ആസൂത്രണം ചെയ്തത് ഡോ. കെജി സുരേഷ് ആണെന്ന പേരിലാണ് പ്രചരണം.

കഴിഞ്ഞ ഏഴാം തീയതി രാവിലെയാണ് തിരുവല്ല സ്വദേശിയെ ബൈക്കിലെത്തിയ നാലംഗ സംഘം മർദ്ദിച്ചത്. ഈ സംഭത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇതുമായി ബന്ധപ്പെട്ട മറ്റൊരു പരാതിയുമായി ഡോ. കെജി സുരേഷ് രംഗത്തെത്തിയിരിക്കുന്നത്. 

ആക്രമണം നടന്നതിന്റെ അടുത്ത ദിവസം മുതൽ ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും ഡോക്ടർക്കെതിരെ സന്ദേശങ്ങൾ പ്രചരിക്കാൻ തുടങ്ങി. ആക്രമണം നടത്താൻ കൊട്ടേഷൻ നൽകിയത് ഡോക്ടറാകണന്നാണ് പ്രചരിക്കുന്ന സന്ദേശം.

സൈബർ ആക്രമണത്തിനെതിരെ കെ ജി സുരേഷ് തിരുവല്ല ഡിവൈഎസ്പിക്ക് പരാതി നൽകി. രണ്ട് കേസിലും അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മുഖം മൂടി ഇട്ട് അക്രമിക്കാനെത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയെങ്കിലും പ്രതികൾ ഹെൽമറ്റും മാസ്കും ധരിച്ചിരുന്നു. അതേസമയം തിരുവല്ല എസ്എൻഡിപി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിലേക്ക് അന്വേഷണം നീളുന്നുണ്ട്.