കീഴുദ്യോഗസ്ഥന്റെ ഭാര്യയെ നിരന്തരമായി പീഡിപ്പിച്ചു, ഐജിക്കെതിരെ പരാതി. വഴങ്ങിയില്ലെങ്കിൽ ഭർത്താവിനെ നക്സൽ ബാധിത പ്രദേശങ്ങളിലേക്ക് മാറ്റുമെന്ന് ഐപിഎസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.
ദില്ലി: കീഴുദ്യോഗസ്ഥന്റെ ഭാര്യയെ ഐപിഎസ് ഉദ്യോഗസ്ഥൻ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി. ഛത്തീസ്ഗഡിലാണ് സംഭവം. കീഴുദ്യോഗസ്ഥന്റെ ഭാര്യയാണ് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ രംഗത്തെത്തിയത്. ഇൻസ്പെക്ടർ ജനറൽ (ഐജി) റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥൻ ഏഴ് വർഷമായി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവരികയാണെന്ന് ഇവർ ആരോപിച്ചു. തനിക്ക് വഴങ്ങിയില്ലെങ്കിൽ ഭർത്താവിനെ നക്സൽ ബാധിത പ്രദേശങ്ങളിലേക്ക് മാറ്റുമെന്ന് ഐപിഎസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്നും അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന വീഡിയോ കോളുകളിൽ തുടരാൻ തന്നെ നിർബന്ധിച്ചുവെന്നും പറയുന്നു. റായ്പൂരിൽ നിന്ന് 27 കിലോമീറ്റർ അകലെയുള്ള ചന്ദ്ഖുരി ഗ്രാമത്തിലെ പൊലീസ് പരിശീലന അക്കാദമിയിൽ നിയമിക്കപ്പെട്ട ശേഷം, തന്നെ നേരിട്ട് കാണാൻ കഴിയാത്തതിനെ തുടർന്നാണ് വെർച്വൽ പീഡനം ആരംഭിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഭാര്യയുടെ ഇല്ലാത്ത സമയം ഐപിഎസ് ഉദ്യോഗസ്ഥൻ തന്നെ ബംഗ്ലാവിലേക്ക് വിളിപ്പിക്കുകയും അനുചിതമായി പെരുമാറുകയും ചെയ്യാറുണ്ടെന്ന് പരാതിക്കാരി പറഞ്ഞതായി റിപ്പോർട്ടിൽ പറഞ്ഞു. ഭീഷണിയും സമ്മർദ്ദവും ഉപയോഗിച്ച് ബന്ധം തുടരാൻ നിർബന്ധിച്ചുവെന്നും പറയുന്നു. യുവതിയുടെ ഭർത്താവ് ബിലാസ്പൂർ പരിധിയിൽ സബ് ഇൻസ്പെക്ടറാണെന്ന് റിപ്പോർട്ടുണ്ട്. പ്രതിയെ സർഗുജയിൽ ഐജിയായി നിയമിച്ചപ്പോൾ തുടങ്ങിയ പീഡനമാണ് ബിലാസ്പൂരിലേക്ക് സ്ഥലം മാറ്റിയതോടെ വർദ്ധിച്ചതെന്ന് പരാതിയിൽ പറയുന്നു. അതേസമയം, ഐപിഎസ് ഉദ്യോഗസ്ഥൻ ഡിജിപി അരുൺദേവ് ഗൗതമിന് ഔദ്യോഗികമായി പരാതി നൽകി. തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
സബ് ഇൻസ്പെക്ടറുടെ ഭാര്യ വർഷങ്ങളായി തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയും കുടുംബത്തെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോകൾ രഹസ്യമായി പകർത്തിയ ശേഷം ആ സ്ത്രീ തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങിയെന്ന് അദ്ദേഹം ആരോപിച്ചു. ബലപ്രയോഗത്തിലൂടെയാണ് അവർ തന്റെ വീട്ടിൽ അതിക്രമിച്ചു കയറിയത്. ജീവനക്കാർക്ക് അശ്ലീല ചിത്രങ്ങൾ കാണിച്ചുകൊടുത്തു. ഇത് ഭാര്യയുമായി കടുത്ത തർക്കത്തിന് കാരണമായി. താൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ പാലിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. വിഷവുമായി ഓഫീസിൽ അതിക്രമിച്ചു കയറിയ സ്ത്രീയാണെന്നും കത്തിൽ പറയുന്നു.
