Asianet News MalayalamAsianet News Malayalam

'വാദിയെ പ്രതിയാക്കുമെന്ന് പൊലീസ് ഭീഷണി'; ശാസ്താംകോട്ട എസ്ഐയ്ക്കെതിരെ പരാതി

വീടാക്രമണത്തെ കുറിച്ച് പറയാനെത്തിയയാളെ സ്ത്രീപീഡന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസുകാര്‍ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന്പരാതി

Complaint against Sasthamcotta SI
Author
Kerala, First Published Nov 15, 2020, 1:21 AM IST

കൊല്ലം: വീടാക്രമണത്തെ കുറിച്ച് പറയാനെത്തിയയാളെ സ്ത്രീപീഡന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസുകാര്‍ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന്പരാതി. കൊല്ലം ശാസ്താംകോട്ട സ്റ്റേഷനിലെ എസ്ഐയ്ക്കും പൊലീസുകാര്‍ക്കം എതിരെയാണ് ആക്രമണത്തിന് ഇരയായ കുടുംബം കൊട്ടാരക്കര റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്.

മൈനാഗപ്പളളി സ്വദേശി വിശ്വംഭരനും, ഭാര്യ വല്‍സലയും. ഇക്കഴിഞ്ഞ 11ന് ബന്ധുക്കള്‍ കൂടിയായ അജു രത്നകുമാറും അരവിന്ദാക്ഷനും ചേര്‍ന്ന് തന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറി നടത്തിയ ആക്രമണത്തിലെ പരിക്കാണ് ശരീരത്തില്‍ ഇക്കാണുന്നതെന്ന് ഇരുവരും പറയുന്നു. 

തെളിവായി വൈദ്യപരിശോധന സര്‍ട്ടിഫിക്കറ്റുമുണ്ട്. എന്നാല്‍ പരാതി പറയാന്‍ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ അക്രമിച്ചവര്‍ക്കെതിരെ കേസെടുക്കുന്നതിനു പകരം പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ സ്ഥലം എസ്ഐ അനീഷ് ആവശ്യപ്പെടുകയായിരുന്നെന്ന് ഈ വൃദ്ധ ദമ്പതികള്‍ പറയുന്നു. 

പറ്റില്ലെന്ന് നിലപാടെടുത്തതോടെ ആക്രമിച്ചവരുടെ കുടുംബത്തിലെ ഒരു സ്ത്രീയെ വിളിച്ചു വരുത്തി താന്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതി എസ്ഐ എഴുതി വാങ്ങിയെന്നും ഒത്തുതീര്‍പ്പു രേഖയില്‍ ഒപ്പിട്ടില്ലെങ്കില്‍ റിമാന്‍ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിശ്വംഭരന്‍ ചൂണ്ടിക്കാട്ടി.

ഒടുവില്‍ വെളളക്കടലാസില്‍ ഒപ്പിട്ടു കൊടുത്തതോടെയാണ് സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചതെന്നും കൊട്ടാരക്കര റൂറല്‍ എസ്പിക്കു നല്‍കിയ പരാതിയില്‍ ഇരുവരും ചൂണ്ടിക്കാട്ടി. എതിര്‍കക്ഷിയില്‍ നിന്ന് പണം വാങ്ങിയാണ് വാദിയെ പ്രതിയാക്കാന്‍ പൊലീസ് ശ്രമിച്ചതെന്നും കുടുംബം പറയുന്നു.

മനുഷ്യാവകാശ കമ്മിഷനും പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ വീടാക്രമണ കേസ് ഇരുകൂട്ടരും സ്വന്തം നിലയില്‍ ഒത്തുതീര്‍പ്പാക്കി മടങ്ങുകയായിരുന്നെന്നാണ് ശാസ്താംകോട്ട പൊലീസിന്‍റെ വിശദീകരണം.

Follow Us:
Download App:
  • android
  • ios