ശനിയാഴ്ച രാത്രിയാണ് സഹപ്രവര്‍ത്തകനും കുടുംബ സുഹൃത്തുമായ വ്യക്തി മാധ്യമപ്രവര്‍ത്തകയുടെ വീട്ടിലെത്തി എന്നതിന്റെ പേരില്‍ രാധാകൃഷ്ണന്‍  വീട്ടിലേക്ക് അതിക്രമിച്ചുകയറുകയും ഉപദ്രവിക്കുകയും ചെയ്തത്.

തിരുവനന്തപുര: വീട്ടില്‍ അതിക്രമിച്ചു കയറി സദാചാരാക്രമണം നടത്തിയെന്നാരോപിച്ച് തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറിക്കെതിരെ പൊലീസിൽ പരാതി. പ്രസ്ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരെയാണ് മാധ്യമപ്രവർത്തക പേട്ട പൊലീസിൽ പരാതി നൽകിയത്. ശനിയാഴ്ച രാത്രിയാണ് സഹപ്രവര്‍ത്തകനും കുടുംബ സുഹൃത്തുമായ വ്യക്തി ഇവരുടെ വീട്ടിലെത്തി എന്നതിന്റെ പേരില്‍ രാധാകൃഷ്ണന്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറുകയും ഉപദ്രവിക്കുകയും ചെയ്തത്.

പത്രപ്രവർത്തക യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് രാധാകൃഷ്ണന്‍ തന്റെ വീട് അതിക്രമിച്ചുകയറിതെന്നാണ് പരാതിക്കാരി പറയുന്നത്. ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സംഭവം. പരാതിക്കാരിയെ കാണാന്‍ വന്ന സുഹൃത്ത് വീട്ടില്‍ നിന്നും ഇറങ്ങിയതും പ്രസ്‌ക്ലബ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കുറച്ചാളുകള്‍ സുഹൃത്തിനെ തിരികെ പരാതിക്കാരിയുടെ വീട്ടിലേക്ക് തന്നെ കൊണ്ടുവരികയും വീടിനകത്തേക്ക് അനുവാദമില്ലാതെ കയറുകയും ചെയ്തു. തുടര്‍ന്ന് എന്തിനാണ് ഈ ആണ്‍ സുഹൃത്ത് വീട്ടിലേക്ക് വരുന്നത് എന്ന് ചോദിച്ച് തന്നോട് മോശമായി സംസാരിക്കുകയായിരുന്നുവെന്ന പരാതിക്കാരി പറയുന്നു. 

തുടർന്ന് തന്നെയും മക്കളേയും രാധാകൃഷ്ണന്‍ റൂമിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും ഇവർ ആരോപിച്ചു. ഭര്‍ത്താവിനെ വിളിക്കാം എന്നു പറഞ്ഞപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നും, നിങ്ങള്‍ സമ്മതിച്ചാല്‍ ആരും അറിയാതെ പ്രശ്‌നം ഒതുക്കിതീര്‍ക്കാം എന്നും രാധാകൃഷ്ണന്‍ പറഞ്ഞെന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്. ഇതിനിടയിൽ രാധാകൃഷ്ണനും സംഘവും ഇവരുടെ സുഹൃത്തിനെ തല്ലുകയും ചെയ്തു- പരാതിക്കാരി പറയുന്നു. 

സംഭവത്തെ കുറിച്ച് മാധ്യമപ്രവര്‍കയുടെ വീട്ടിലേക്ക് സുഹൃത്തിനൊപ്പം പോയ സഹപ്രവര്‍ത്തക പറയുന്നത് ഇങ്ങനെയാണ്- 'ഇത് അക്ഷരം പ്രതി സത്യമാണ്. രാവും പകലും എന്നെ പിന്തുടർന്ന് എന്നോട് അടുപ്പമുളവരെ ഭീഷണിപ്പെടുത്തിയപ്പോൾ 'കരുതിയില്ല ഇത്തരമൊരു ഗുണ്ടായിസം കയ്യിലുണ്ടെന്ന്. എന്റെ സഹപ്രവർത്തകയുടെ വീട്ടിലെത്തി മടങ്ങിയ ഞങ്ങളുടെ കുടുംബ സുഹൃത്തിനെയാണ് അതേ റസിഡൻസിൽ താമസിക്കുന്ന ഇയാളും മറ്റ് 3 പേരും ചേർന്ന് സദാചാര ഗുണ്ട ചമഞ്ഞ് ഉപദ്രവിച്ചത്. അതും രണ്ട് കുഞ്ഞു മക്കളുടെ മുന്നിൽ വച്ച്. 

ഭര്‍ത്താവ് എത്താന്‍ വൈകും, മക്കള്‍ക്ക് സ്കൂളില്‍ കൊണ്ട് പോകാനായി ചാര്‍ട്ട് കൊണ്ടുവരാമോ എന്ന് ചോദിച്ചത് കൊണ്ടാണ് ചേച്ചിയുടെ വീട്ടിലേക്ക് ഞങ്ങള്‍ പോയത്. അത്ര നേരം ഓഫീസിലുണ്ടായിരുന്ന അയാല്‍ ഞങ്ങളെ പിന്തുടര്‍ന്ന് എത്തിയതാണ്. മനപ്പൂര്‍വ്വം കരുതിക്കൂട്ടി അപമാനിക്കുകയായിരുന്നു ലക്ഷ്യം. കൃത്യമായ ഗൂഡാലോചന ഉണ്ടായെന്നത് വ്യക്തമാണ്.

അവരുടെ ഭർത്താവ് ഓടി എത്തിയ കൊണ്ട് ദുരന്തം ഒഴിവായി. ' രണ്ടിനേം കയ്യോടെ പിടിച്ച്, ഞാനാ രക്ഷിച്ചതെന്ന് ' ഓഫീസിൽ വീരപുരുഷൻ ചമയുകയാണ് ഇപ്പോള്‍ കക്ഷി. നാളുകളായി പ്ലാൻ ചെയ്ത് നടത്തിയ നാടകമാണിതെന്ന് ഇയാൾക്കൊപ്പം വന്നയാൾ തുറന്നു പറഞ്ഞപ്പോഴാണ് ശരിക്കും ഞെട്ടിയത്. ഞാനും ഗൺ പോയിന്റിലായിരുന്നു. കുടുങ്ങിയത് പാവം ചേച്ചിയായിപ്പോയി. എന്തായാലും ഓഫീസിലും പൊലീസിലും പരാതി നൽകിയിട്ടുണ്ടെന്നും പരാതിക്കാരിയുടെ സഹപ്രവര്‍ത്തക വ്യക്തമാക്കി.