മണിമല കരിക്കാട്ടൂർ സ്വദേശി  സന്ദീപ് എം തോമസ്, ഇയാളുടെ സഹോദരൻ സന്ദു എം തോമസ് എന്നിവരെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. 

കോട്ടയം: മദ്യപിക്കാൻ ഗ്ലാസും വെള്ളവും കൊടുക്കാത്തതിന്റെ പേരിൽ കോട്ടയം മണിമലയിൽ വീട്ടമ്മയ്ക്ക് നേരെ ആക്രമണ ശ്രമമെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണിമല കരിക്കാട്ടൂർ സ്വദേശി സന്ദീപ് എം തോമസ്, ഇയാളുടെ സഹോദരൻ സന്ദു എം തോമസ് എന്നിവരെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. 

പ്രതികള്‍ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം മണിമല സ്വദേശിനിയായ വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി മദ്യപിക്കുന്നതിനായി വീട്ടമ്മയോട് വെള്ളവും, ഗ്ലാസും ചോദിക്കുകയായിരുന്നു. എന്നാൽ വീട്ടമ്മ ഇത് നൽകാതിരുന്നതിനെ തുടർന്ന് ഇവർ വീട്ടമ്മയുടെ നേരെ കത്തി വീശുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നും പെലീസ് പറഞ്ഞു. തുടർന്ന് ഇരുവരും സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് മണിമല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു.