Asianet News MalayalamAsianet News Malayalam

ടിപി വധക്കേസിൽ പ്രതികൾക്കെതിരെ സാക്ഷി പറഞ്ഞയാളുടെ കെട്ടിട നിർമാണം സിപിഎം തടയുന്നതായി പരാതി

ടിപി ചന്ദ്രശേഖരന്‍ വധക്കേസിൽ പ്രതികൾക്കെതിരെ സാക്ഷി പറഞ്ഞയാളുടെ കെട്ടിട നിർമാണം സിപിഎം തടസ്സപ്പെടുത്തുന്നതായി പരാതി.

Complaint that the CPM is blocking the construction of the building of the witness
Author
Kerala, First Published Nov 15, 2020, 12:23 AM IST

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസിൽ പ്രതികൾക്കെതിരെ സാക്ഷി പറഞ്ഞയാളുടെ കെട്ടിട നിർമാണം സിപിഎം തടസ്സപ്പെടുത്തുന്നതായി പരാതി. റോഡ് വീതി കൂട്ടുന്നതിന്‍റെ ഭാഗമായി പൊളിച്ചുമാറ്റിയ വടകര ഓർക്കാട്ടേരി ടൗണിലെ കെട്ടിടം പുനർനിർമ്മിക്കുന്നത് സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി തടഞ്ഞുവെന്ന് കാണിച്ച് യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് കൂടിയായ പിപി ജാഫർ എടച്ചേരി പൊലീസിൽ പരാതി നൽകി.

വടകര കുറ്റ്യാടി സംസ്ഥാന പാത വീതി കൂട്ടുന്നതിന്‍റെ ഭാഗമായി ഓർക്കാട്ടേരി ടൗണിൽ വ്യാപാരികൾ റോഡിന് ഇരുവശത്തു നിന്നും ഒന്നേമുക്കാൽ മീറ്റർ വീതിയിൽ സ്ഥലം വിട്ട് നൽകിയിരുന്നു. പഞ്ചായത്ത് നിയമമനുസരിച്ച് റോഡ് വീതി കൂട്ടാനായി കെട്ടിടം പൊളിച്ച് മാറ്റിയാൽ ബാക്കി ഭാഗം പുനർനിർമിക്കാനോ അറ്റകുറ്റപ്പണികൾ നടത്താനോ കെട്ടിട ഉടമക്ക് അവകാശമുണ്ട്. ഇതനുസരിച്ച് ടൗണിലെ വ്യാപാരികളെല്ലാം കെട്ടിട നിർമാണം തുടങ്ങിയെങ്കിലും ജാഫറിന്‍റെ കെട്ടിട നിർമാണത്തിന് മാത്രമായി സിപിഎം തടസം നിൽക്കുകയാണെന്നാണ് പരാതി.

നിർമാണം നിർത്തി വെക്കാൻ പഞ്ചായത്ത് പോലും ആവശ്യപ്പെട്ടില്ലെന്നിരിക്കെ സിപിഎം വ്യക്തി വൈരാഗ്യം തീർക്കുകയാണെന്നാണ് ആരോപണം. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ താൽപ്പര്യമില്ലെന്നാണ് കെട്ടിടം പണി തടസ്സപ്പെടുത്താനെത്തിയ ലോക്കൽ സെക്രട്ടറിയടക്കമുള്ള സിപിഎം നേതാക്കളുടെ മറുപടി. 

കെട്ടിടം പണി തടസ്സപ്പെടുത്തരുതെന്ന് കോടതി ഉത്തരവുള്ള സാഹചര്യത്തിൽ അത് ലംഘിച്ചതിനെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് എടച്ചേരി പൊലീസ് വ്യക്തമാക്കി.  ടിപി ചന്ദ്രശേഖരനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജാഫർ പല നിർണ്ണായക വിവരങ്ങളും അന്വേഷണസംഘത്തിന് നൽകിയിരുന്നു. ചന്ദ്രശേഖരൻ അവസാനമായി കണ്ടതും ജാഫറിനെയായിരുന്നു.

Follow Us:
Download App:
  • android
  • ios