ദില്ലി: പട്ടാപ്പകല്‍ നടു റോഡിൽ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. ദ്വാരക മെട്രോ സ്റ്റേഷന് സമീപത്താണ് സിനിമയെ വെല്ലുന്ന രംഗങ്ങള്‍.  മജ്ഞീത് ഗ്യാംഗ് എന്നറിയപ്പെടുന്ന അധോലോക സംഘത്തിലെ പ്രവീണ്‍ ഗഹ്ലോട്ടിനെയാണ്, എതിര്‍സംഘത്തില്‍ പെട്ടവര്‍ വെടിവച്ചു കൊലപ്പെടുത്തിയത്. 

പ്രവീണിനെ പിന്തുടര്‍ന്നെത്തിയ സംഘം നജഫ്ഗഡില്‍ വാഹനം തടഞ്ഞുനിര്‍ത്തി. വഴിയാത്രക്കാര്‍ നോക്കിനില്‍ക്കേ പ്രവീണിന് നേരെ പത്ത് തവണ വെടിയുതിര്‍ത്തു. പ്രവീണ്‍ തല്‍ക്ഷണം മരിച്ചു. വെടിയൊച്ച കേട്ട് സമീപത്തുണ്ടായിരുന്ന ദില്ലി പോലീസ് കണ്‍ടോള്‍ റൂം സംഘവും പാഞ്ഞെത്തിയതോടെ പോലീസിന് നേരെയും ഗുണ്ടാസംഘം വെടിയുതിര്‍ത്തു. പൊലീസ് വെടിവെപ്പില്‍ ഗുണ്ടാ തലവൻ വികാസ് ദലാള്‍ കൊല്ലപ്പെട്ടു. അഞ്ച് മിനിറ്റോളം നീണ്ട ഏറ്റുമുട്ടലിനിടെ 20 റൗണ്ട് വെടിയുതിര്‍ത്തു.

അക്രമി സംഘത്തിലെ മറ്റുള്ളവര്‍ രക്ഷപ്പെട്ടു. രാജസ്ഥാന്‍ രജിസ്ട്രേഷനിലുള്ള കാറുകളാണ് അക്രമികള്‍ ഉപയോഗിച്ചത്. വസ്തു വില്‍ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പോലീസിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട വികാസ്, ഗോവയിൽ ഒളിവിൽ കഴിയുകയായിരുന്നു. 

പ്രവീണിനെ വകവരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ ദില്ലിയിലെത്തിയത്. കൊല്ലപ്പെട്ട പ്രവീണും വികാസും കൊലപാതകമുള്‍പ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.ദില്ലിയില്‍ ഗുണ്ടാസംഘങ്ങ തമ്മില്‍ ഒരു മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ഏറ്റുമുട്ടലാണിത്.