കുട്ടിയുടെ പിതാവിനൊപ്പം മദ്യലഹരിയില്‍ വീട്ടിലെത്തിയ പ്രതി 16കാരിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു.

കണ്ണൂര്‍: കോഴിക്കോട് ചേവായൂരിലെ ചിൽഡ്രൻസ് ഹോമിൽ (Vellimadukunnu Children's Home) നിന്ന് കാണാതായ കുട്ടികളിൽ ഒരാളോട് അപമര്യാദയായി പെരുമാറിയ കോണ്‍ഗ്രസ് നേതാവ് (Congress leader) അറസ്റ്റില്‍. നാറാത്ത് മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് യുവ നേതാവും കണ്ണാടിപ്പറമ്പിലെ അസീബിനെ(36)യാണ് ടൗണ്‍ സ്റ്റേഷന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും പോക്സോ കേസ് (pocso case) പ്രതാരം അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ നവംമ്പര്‍ 21ന് രാത്രിയിലാണ് സംഭവം. കുട്ടിയുടെ പിതാവിനൊപ്പം മദ്യലഹരിയില്‍ വീട്ടിലെത്തിയ പ്രതി 16കാരിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ആരോടു പറയാതെ പെണ്‍കുട്ടി നാട്ടില്‍ നിന്നും പോവുകയും പിന്നീട് പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും കൗണ്‍സിലിംഗിന് വിധേയമാക്കുകയുമായിരുന്നു. അപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് കണ്ണാടിപ്പറമ്പില്‍ വച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും.

വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെണ്‍കുട്ടികളിലൊരാളാണ് പിതാവിന്‍റെ സുഹൃത്തിന്‍റെ അതിക്രമണത്തിന് ഇരയായയത്. കഴിഞ്ഞ ജനുവരി 26ന് ആണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറുപെണ്‍കുട്ടികളെ കാണാതായത്. കാണാതായ കുട്ടികളെ പിന്നീട് ബെംഗളൂരുവിലെ മടിവാളയിൽ കണ്ടെത്തിയിരുന്നു. മടിവാളയില്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലിൽ വച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഹോട്ടലില്‍ മുറി എടുക്കാനെത്തിയതായിരുന്നു കുട്ടികള്‍. തിരിച്ചറിയല്‍ രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ പെണ്‍കുട്ടികളെ തടഞ്ഞുവെക്കുകയായിരുന്നു.