ബക്കളം(തളിപ്പറമ്പ്): ദേശീയ പാതയിൽ നിർത്തിയിട്ട ലോറിയുടെ ടയറുകൾ മോഷണം പോയി. ബക്കളം നെല്ലിയോട് ക്ഷേത്രത്തിന് മുൻപിൽ രാത്രി നിർത്തിയിട്ട കണ്ടെയ്നർ ലോറിയുടെ 6 ടയറുകളാണ് രാത്രിയിൽ അജ്ഞാതർ മോഷ്ടിച്ചത്. ഇൻ‌ഡോറിൽ നിന്ന് കൊച്ചിയിലേക്ക് പൈപ്പുകളുമായി പോവുകയായിരുന്നു ലോറിയുടെ ടയറുകളാണ് മോഷ്ടിച്ചത്. 

ഈ കണ്ടെയ്നറിന് ഒപ്പംതന്നെ ഇന്‍ഡോറില്‍ നിന്ന് പുറപ്പെട്ട മറ്റൊരു ലോറിയും ദേശീയപാതയില്‍ അടുത്തടുത്തായാണ് നിര്‍ത്തിയിട്ടിരുന്നത്. രാവിലെ പുറപ്പെടാനായി ഒരുങ്ങുമ്പോളാണ് ടയറുകള്‍ ആരോ അഴിച്ച് കൊണ്ടുപോയ വിവരം ഡ്രൈവര്‍ രജ്‍വീര്‍ സിങ് മനസ്സിലാക്കുന്നത്. 

ജാക്കി വച്ച് ഉയര്‍ത്തിയ ശേഷം പരിസരത്ത് നിര്‍മാണത്തിനായി കൊണ്ടുവന്ന കല്ലുകള്‍ വച്ചാണ് ടയറുകള്‍ അഴിച്ചെടുത്തിരിക്കുന്നത്. ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന ടയറുകളാണ് മോഷണം പോയിരിക്കുന്നത്. നാട്ടുകാരുടെ സഹായത്തോടെയാണ് രജ്‍വീര്‍ സിങ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തളിപ്പറമ്പ് സിഐ സത്യനാഥിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്. 

സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. നേരത്ത കുപ്പത്ത് ക്രെയിനിന്‍റെയും പയ്യന്നൂർ വെള്ളൂരിൽ ഷാസിയുടെയും ടയറുകൾ ഇത്തരത്തിൽ അജ്ഞാതർ അഴിച്ച് കൊണ്ട് പോയിരുന്നു.