പാറ്റ്ന: ബിഹാറില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വനിതാ ഡോക്ടറെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി. പാറ്റ്നയ്ക്കടുത്ത് സീതാമര്‍ഹിയിലെ ഒരു നഴ്സിംഗ് ഹോമില്‍ ജോലി ചെയ്യുന്ന  ഡോ. ഡെയ്‌സി ജയ്‌സ്വാളിനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ട് പോയത്.

ബുധനാഴ്ച വൈകിട്ടാണ് സംഭവം. നഴ്സിംഗ് ഹോമില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ഡോക്ടറുടെ വാഹനം ബൈക്കിലെത്തിയ യുവാക്കള്‍ തടയുകയായിരുന്നു. ഡ്രൈവര്‍ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. തോക്ക് ചൂണ്ടി ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഘം കാറില്‍ കയറി ഡ്രൈവറോട് തൊട്ടുത്ത ജില്ലയായ മധുബാനിയിലേക്ക് വാഹനം ഓടിക്കാന്‍ ആവശ്യപ്പെട്ടു.

സംഭവം കണ്ടുനിന്ന നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് സീതാമര്‍ഹി എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഡോക്ടറെ കണ്ടെത്തി. സീതാമര്‍ഹിയില്‍ നിന്ന് തൊട്ടടുത്ത ജില്ലയായ മധുബാനിയിലേക്കുള്ള റോഡില്‍ വച്ച് പൊലീസ് ഡോക്ടറുടെ വാഹനം തടഞ്ഞു. പൊലീസിനെ കണ്ട് അക്രമി സംഘം ഓടി രക്ഷപ്പെട്ടെന്നും ഇവര്‍ക്കായിതെരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.