തിരുവനന്തപുരം: വലിയമലയിൽ  പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും അശ്ലീല സൈറ്റുകളിൽ പങ്കുവയ്ക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. എറണാകുളം ചെല്ലാനം സ്വദേശി നോബിൾ പ്രകാശാണ് പിടിയിലായത്.

വലിയമല സ്വദേശിയായ പെൺകുട്ടി തിരുവനന്തപുരത്ത് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുമ്പോഴാണ് നോബിളിനെ പരിചയപ്പെടുന്നത്. ഹോസ്റ്റലിലെ ജീവനക്കാരിയുടെ മകനായിരുന്ന നോബിൾ പെൺകുട്ടിയോട് പ്രണയം നടിക്കുകയും വിവാഹം ചെയ്യാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. 

രണ്ട് വർഷത്തോളം പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതി നഗ്നദൃശ്യങ്ങൾ പകർ‍ത്തി ഭീഷണിപ്പെടുത്തി ഒന്നരലക്ഷത്തിലേറെ രൂപയാണ് കൈക്കലാക്കിയത്. ചില ആളുകളിൽ നിന്ന് പണം വാങ്ങിയ നോബിൾ പെൺകുട്ടിയോട് അവർക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും നിർബന്ധിച്ചു.

ഇതിന് വഴങ്ങാതായതോടെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ അപ്ലോഡ് ചെയ്തു. ഇതോടെയാണ് പെൺകുട്ടി വലിയമല പൊലീസിൽ പരാതി നൽകിയത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.