അഹമ്മദാബാദ്: കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സഹാചര്യത്തില്‍ ജയിലുള്ള തനിക്ക് ഉടന്‍ ജാമ്യം അനുവദിക്കണമെന്ന് സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി. തന്റെ പ്രയാത്തിലുള്ളവര്‍ക്ക് രോഗം വന്നാല്‍ മരണം വരെ സംഭവിക്കാമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആശാറാം ബാപ്പുവിന്റെ ഹര്‍ജി.

ആശ്രമത്തില്‍ വച്ച് പ്രയാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ മരണം വരെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് ആശാറാം ബാപ്പു. കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജയിലിലെ സാഹചര്യങ്ങളില്‍ സുപ്രീംകോടതി തന്നെ ആശങ്ക പ്രകടിപ്പിക്കുകയും, ഏഴ് ര്‍ഷം വരെ തടവ് അനുഭവിക്കുന്നവര്‍ക്ക് ജാമ്യം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

ആ ഇളവ് തനിക്കും വേണമെന്നാണ് ജോഥ്പൂര്‍ ജയിലില്‍ കഴിയുന്ന ആശാറാം ബാപ്പുവിന്റെ ആവശ്യം. 80 കടന്ന തനിക്ക് രോഗം വരാന്‍ സാധ്യതയുണ്ടെന്നും മരണം സംഭവിച്ചേക്കാമെന്നും ആശാറാം ഹര്‍ജിയില്‍ പറഞ്ഞു. എന്നാല്‍ ഇത്രയും വലിയ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളിയെ പുറത്ത് വിടാന്‍ കഴിയില്ലെന്ന് കോടതി നിലപാടെടുത്തു. 

ആശാറാമിനെ പുറത്തിറക്കണെമെന്ന് ആവശ്യപ്പെട്ട് ഇയാളുടെ അനുയായികളായ തടവുകാര്‍ കഴിഞ്ഞ ആഴ്ച നിരാഹാര സമരം നടത്തിയിരുന്നു. ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാമ്പയിനും തുടങ്ങിയിട്ടുണ്ട്. 2013ലാണ് ആശാറാമിന്റെ ട്രസ്റ്റ് നടത്തുന്ന സ്‌കൂളിലെ പെണ്‍കുട്ടിയെ ആശ്രമത്തിലെത്തിച്ച് പീഡിപ്പിച്ചത്. ഇന്‍ഡേറാറിലെ ആശ്രമത്തില്‍ നടത്തിയ പൊലീസ് നടപടിയിലൂടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2018ലാണ് മരണം വരെ ജയില്‍ ശിക്ഷ കോടതി വിധിച്ചത്.