മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ക്രൂരമായ ഗൂഢാലോചനയാണ് നടി ആക്രമണക്കേസിൽ നടന്നത്. ബലാത്സംഗത്തിന് ക്വട്ടേഷൻ സംഘം കൊച്ചി നഗരത്തിലെ നടുറോഡിലാണ് ഓടുന്ന കാറിൽ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയത്. നടീനടന്മാരും സംവിധായകരും ഉൾപ്പെടെ 261 സാക്ഷികൾ ആയിരുന്നു ഈ കേസിൽ. ഇതിൽ 28 പേർ മൊഴിമാറ്റി.

സിദ്ദിഖ്
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വൈരാഗ്യമുണ്ടെന്നായിരുന്നു നടൻ സിദ്ദിഖ് ആദ്യം മൊഴി നൽകിയത്. അബാദ് പ്ലാസയിലെ മഴവിൽ അഴകിൽ അമ്മ ക്യാംപിൽ വച്ച് ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു. നേരിൽ കണ്ടാൽ തല്ലുമെന്നും പറഞ്ഞു. പ്രശ്നപരിഹാരത്തിന് ഇടപെട്ടു. ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടരുതെന്ന് ആക്രമിക്കപ്പെട്ട് നടിയോട് പറഞ്ഞു. എന്നായിരുന്നു സിദ്ദിഖിന്റെ മൊഴി എന്നാൽ കോടതിയിൽ എത്തിയപ്പോൾ ഇതെല്ലാം മാറ്റിപ്പറഞ്ഞു
ഭാമ
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പൂർവ്വ വൈരാഗ്യം ഉണ്ടെന്നായിരുന്നു ഭാമയുടെ മൊഴി. അവൾ എന്റെ കുടുംബം തകർത്തവൾ ആണെന്നും നടിയെ പച്ചയ്ക്ക് കത്തിക്കുമെന്നും എന്ന് അന്വേഷണ സംഘത്തോട് പറഞ്ഞ ഭാമ ഈ പറഞ്ഞതൊന്നും ഓർക്കുന്നില്ലെന്നാണ് കോടതിയിൽ പറഞ്ഞത്.
ബിന്ദു പണിക്കർ
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യമുണ്ടെന്നായിരുന്നുവെന്ന് അന്വേഷണ സംഘത്തോട് ബിന്ദു പണിക്കർ പറഞ്ഞത്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുതെന്ന് നടിയെ ഉപദേശിച്ചതായും വിശദമാക്കിയ ബിന്ദു പണിക്കർ കോടതിയിൽ മൊഴി മാറ്റി
ഇടവേള ബാബു
സിനിമാ രംഗത്ത് നിന്ന് തന്നെ മനപൂർവ്വം മാറ്റി നിർത്തുന്നതായി ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടിരുന്നുവെന്നും ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യമുണ്ടെന്നും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയ ഇടവേള ബാബു കോടതിയിൽ മൊഴി മാറ്റി.
കാവ്യാ മാധവൻ
അബാദ് പ്ലാസയിലെ റിഹേഴ്സലിനിടെ ആക്രമിക്കപ്പെട്ട നടി തന്റെയും ദീലീപിന്റെയും ഒരു ചിത്രമെടുത്ത് മഞ്ജുവിന് അയച്ചുവെന്നും ഇത് ദിലീപിനെ പ്രകോപിപ്പിച്ചുവെന്നും മൊഴി നൽകിയ കാവ്യ മാധവൻ കോടതിയിൽ എത്തിയപ്പോൾ ഇത് മാറ്റി.
നാദിർഷാ
പൾസർ സുനി , വിഷ്ണു എന്നിവർ വിളിച്ചിരുന്നുവെന്ന് മൊഴി നാദിർഷ കോടതിയിൽ എത്തിയപ്പോൾ മാറ്റി. പൾസർ സുനി ജയിലിൽ പിന്ന് വിളിച്ചുവെന്നായിരുന്നു നാദിർഷയുടെ മൊഴി.
മഞ്ജു വാര്യർ
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യമുണ്ടെന്ന് നൽകിയ മൊഴിയിൽ മഞ്ജു ഉറച്ച് നിന്നു. പ്രോസിക്യൂഷന്റെ പ്രധാന സാക്ഷികളിലൊരാളായി മഞ്ജു വാര്യർ മാറി. കാവ്യയുമായി ദിലീപിന് രഹസ്യ ബന്ധമുണ്ടെന്നത് തന്നോട് പറഞ്ഞത് ആക്രമണത്തിനിരയായ നടിയാണെന്ന് ദിലീപ് ഉറച്ച് വിശ്വസിച്ചിരുന്നതായും മജ്ഞു മൊഴി നൽകിയിരുന്നു.
കുഞ്ചാക്കോ ബോബൻ
ദിലീപ് ഇടപെട്ട് ആക്രമണത്തിനിരയായ നടിയുടേയും മഞ്ജുവാര്യരുടേയും അവസരങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്ന് കുഞ്ചാക്കോ ബോബൻ മൊഴി നൽകി. ഹൗ ഓൾഡ് ആർയു എന്ന ചിത്രത്തിൽ നിന്ന് മജ്ഞുവിനെ മാറ്റാനുള്ള ശ്രമങ്ങളും നടന്നുവെന്നും കുഞ്ചാക്കോ ബോബൻ മൊഴി നൽകി. കോടതിയിലും കുഞ്ചാക്കോ ബോബൻ ഈ മൊഴിയിൽ ഉറച്ചുനിന്നു
റിമി ടോമി
താര നിശ സംഘടിപ്പിച്ച സമയത്ത് ദിലീപും ആക്രമിക്കപ്പെട്ട നടിയുമായി വാക്കുതർക്കമുണ്ടായി എന്ന് മൊഴിയിൽ റിമി പൊലീസിന് നൽകി. ദിലീപുമായും കാവ്യ മാധവനുമായും ഏറെ അടുപ്പമുണ്ടായിരുന്ന റിമി കോടതിയിലും ഈ മൊഴിയിൽ ഉറച്ചുനിന്നു.
രമ്യ നമ്പീശൻ
ആക്രമിക്കപ്പെട്ട നടിയുടെ ഉറ്റസുഹൃത്തായിരുന്ന രമ്യ നമ്പീശൻ കേസിന്റെ ആദ്യം മുതൽ ആക്രമിക്കപ്പെട്ട നടിക്കൊപ്പമായിരുന്നു രമ്യ നിലകൊണ്ടത്.
ലാൽ
ആക്രമിക്കപ്പെട്ട നടിയൊക്കപ്പമായിരുന്നു നടനും സംവിധായകനുമായ ലാൽ തുടക്കം മുതൽ നില കൊണ്ടത്. കോടതിയിലും തന്റെ മൊഴിയിൽ നിന്ന് മാറാൻ ലാൽ തയ്യാറായില്ല.

