25 പേരാണ് അഗ്നിബാധയിൽ കൊല്ലപ്പെട്ടത്. ഏഴ് പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. നിശാ ക്ലബ്ബിന്റെ ഉടമകളായ ഗൗരവ് ലൂഥറ, സൗരഭ് ലൂഥറ എന്നിവർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്

ബാഗ: ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണമായത് ക്ലബ്ബിനുള്ളിലെ കരിമരുന്ന് പ്രയോഗമെന്ന് റിപ്പോർട്ട്. ബാഗയിലെ ബിർച്ച് ബൈ റോമിയോ ലൈൻ എന്ന നൈറ്റ് ക്ലബ്ബിലുണ്ടായ അഗ്നിബാധയ്ക്ക് കാരണമായത് കരിമരുന്ന് പ്രയോഗമെന്നാണ് ഗോവ മുഖ്യമന്ത്രി പ്രമോദ സാവന്തിന് ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിശാക്ലബ്ബിലെ ഇടുങ്ങിയ വാതിലുകൾ ആളുകൾക്ക് പുറത്ത് കടക്കുന്നതിലും പ്രയാസം സൃഷ്ടിച്ചു. സംഭവത്തിന് കാരണമായത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം എന്ന വാദം മുഖ്യമന്ത്രി തള്ളി. നേരത്തെ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം എന്നായിരുന്നു വന്ന വിവരങ്ങൾ. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി വിശദമാക്കി. നിശാക്ലബ്ബിലെ ചീഫ് ജനറൽ മാനേജറും മൂന്ന് ജീവനക്കാരും അടക്കം നാല് പേർ അറസ്റ്റിലായതായാണ് മുഖ്യമന്ത്രി വിശദമാക്കിയത്. 

കൈവിട്ട കരിമരുന്ന് പ്രയോഗം, രക്ഷാപ്രവർത്തനം സങ്കീർണമാക്കി ചെറുവഴികൾ

25 പേരാണ് അഗ്നിബാധയിൽ കൊല്ലപ്പെട്ടത്. ഏഴ് പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. നിശാ ക്ലബ്ബിന്റെ ഉടമകളായ ഗൗരവ് ലൂഥറ, സൗരഭ് ലൂഥറ എന്നിവർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാനേജർമാരും പരിപാടി ഒരുക്കിയവർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അർപോറ, നാഗോവ പഞ്ചായത്ത് പ്രസിഡന്റ് റോഷൻ റെഡ്കറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

അഗ്നിബാധയുണ്ടായ സമയത്തെ വിഡീയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.'ബോളിവുഡ് ബാംഗർ നൈറ്റ്' ആഘോഷിക്കുന്നതിനിടെയാണ് ക്ലബ്ബിൽ തീ പടർന്നു പിടിച്ചത്. സംഭവ സമയം ഏകദേശം 100-ഓളം വിനോദ സഞ്ചാരികളാണ് ക്ലബ്ബിൽ ഉണ്ടായിരുന്നത്. 'ഷോലെ' സിനിമയിലെ ഹിറ്റ് ഗാനമായ 'മെഹബൂബ ഓ മെഹബൂബ'യുടെ താളത്തിനൊത്ത് ഡാൻസര്‍ ചുവടുവെക്കുന്നതിനിടെയാണ് തീ പടരുന്നത്. ഡാൻസറിന് പിന്നിലുള്ള കൺസോളിന് മുകളിൽ തീ പ്രത്യക്ഷപ്പെടുന്നതാണ് പുറത്തുവന്ന വീഡിയോയിൽ കാണുന്നത്. ക്ലബ്ബ് ജീവനക്കാരാണെന്ന് തോന്നിക്കുന്ന രണ്ടുപേർ ഉടൻതന്നെ കൺസോളിന് അടുത്തേക്ക് ഓടിയെത്തി, ഉപകരണങ്ങൾ മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. തുടക്കത്തിൽ അവിടെ ഉള്ളവര്‍ കാര്യമായ പേടിയില്ലാതെ പെരുമാറുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ തീ പടര്‍ന്നതോടെ ആര്‍ട്ടിസ്റ്റുകൾ ഉപകരണങ്ങൾ അടക്കം ഉപേക്ഷിച്ച് ഓടിമാറുന്നതും നിമിഷങ്ങൾക്കകം നർത്തകിയും ജീവനക്കാരുമടക്കം പുറത്തേക്ക് പോകുന്നതും വീഡിയോയിൽ കാണാം.

നിശാക്ലബ്ബിലേക്കുള്ള വഴികൾ ഫയർ എഞ്ചിനുകൾക്ക് കടന്നുപോകാൻ കഴിയാത്ത വിധം ഇടുങ്ങിയതായിരുന്നു. അതിനാൽ ഫയർ എഞ്ചിനുകൾ ഏകദേശം 400 മീറ്റർ അകലെയാണ് നിർത്തിയിട്ടത്. ഇത് രക്ഷാപ്രവർത്തനത്തെ കൂടുതൽ സങ്കീർണ്ണമാക്കിയിരുന്നു. ഗോവ നൈറ്റ് ക്ലബ്ബിലെ തീപിടിത്തത്തിൽ സംസ്ഥാന സർക്കാ‍ർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അപകടത്തിന്‍റെ കാരണം കണ്ടെത്താനും, കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താനുമാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം