വടകര: വിവാദമായ സിഒടി നസീർ വധശ്രമ കേസിൽ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. ഒരു കത്തിയും ഇരുമ്പ് ദണ്ഡുമാണ് തലശേരി വാവാച്ചിമുക്കിൽ പ്രതികളിലൊരാളായ റോഷനുമായെത്തി പൊലീസ് കണ്ടെടുത്തത്. 

സംഭവം നടന്ന് 25 ദിവസങ്ങൾക്ക് ശേഷമാണ് ആയുധങ്ങൾ കണ്ടെത്തുന്നത്. സംഭവത്തിൽ പൊലീസിനെതിരെ വലിയ ആക്ഷേപങ്ങൾ നിലനിൽക്കുമ്പോഴാണ് ആയുധങ്ങൾക്കായി പൊലീസ് ഇന്ന് വാവാച്ചിമുക്കിൽ പ്രതി റോഷന്റെ താമസ സ്ഥലത്ത് പരിശോധന നടത്തിയത്. താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് പോകുന്ന റോഡിൽ കുറ്റിക്കാട്ടിലേക്ക് എറിഞ്ഞ കത്തി റോഷൻ പൊലീസിന് കാണിച്ചു കൊടുത്തു. കത്തിക്ക് ഒരടി നീളമുണ്ട്. ഈ കത്തി ഉപയോഗിച്ചാണ് നിലത്ത് വീണ നസീറിനെ കുത്തിയതെന്ന് പ്രതി പറഞ്ഞു.

വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് കത്തി കൊണ്ടുപോയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കൊളശേരിയിലെ സ്വകാര്യ സ്ഥാപനത്തിന് പിറകിൽ ഒളിപ്പിച്ച നിലയിലാണ് ഇരുമ്പ് ദണ്ഡ് കണ്ടെത്തിയത്. മെയ് 18ന് നടന്ന ആക്രമണത്തിൽ മൂന്നാഴ്ച്ച പിന്നിട്ടാണ് ആയുധങ്ങൾ കണ്ടെത്തിയിരിക്കുന്നത്. കൃത്യത്തിനുപയോഗിച്ചവ ഈ ആയുധങ്ങൾ മാത്രമാണെന്ന് പൊലീസ് പറയുന്നു. 11 പ്രതികളെ സംശയിക്കുന്ന കേസിൽ 5 പേർ മാത്രമാണ് ഇതുവരെ പിടിയിലായത്. ആക്രമണത്തിന്റെ പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷിക്കുന്ന മൂന്നുപേർ തലശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്.