കൊല്ലം: ഉത്ര കൊലപാതകത്തിന്‍റെ നടുക്കം വിട്ടുമാറും മുമ്പ് കൊല്ലം അഞ്ചലില്‍ ദമ്പതിമാരുടെ ദുരൂഹ മരണം. അഞ്ചൽ ഇടമുളയ്ക്കലില്‍ ഭാര്യയേയും ഭര്‍ത്താവിനേയും വാടക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഭാര്യയെ കൊന്നശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.
 
ഇടമുളയ്ക്കല്‍ സ്വദേശി സുനില്‍ ഭാര്യ സുജിനി എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെ സുനില്‍ അമ്മയെ വിളിച്ച് തനിക്ക് സുഖമില്ലെന്നും അത്യാവശ്യമായി വീട്ടിലെത്തണമെന്നും പറഞ്ഞു  അവര്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് സുജിനിയുടെ അച്ഛന്‍ സുനിലിന്‍റെ വാടക വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. പലതവണ വിളിച്ചിട്ടും കതക് തുറക്കാത്തതിനാല്‍ ജനല്‍ വെട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് സുനില്‍ തൂങ്ങി നിൽക്കുന്നത് കണ്ടത്. സുജിനി നിലത്ത് കിടക്കുന്നതും കണ്ടു.

ഇവരുടെ മൂന്ന് വയസുള്ള കുഞ്ഞ് ആ സമയത്ത് മുലപ്പാൽ കുടിക്കുകയായിരുന്നുവെന്ന് സുജിനിയുടെ അച്ഛൻ പറയുന്നു. സുജിനിയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം സുനില്‍ തൂങ്ങിമരിച്ചെന്നാണ് കരുതുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മരണ കാരണം കണ്ടെത്താനായി അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.