ബന്ധുക്കളുടെ അപമാനം സഹിക്കവയ്യാതെയാണ് ആത്മഹത്യയെന്ന് മൊബൈലില്‍ കുറിപ്പെഴുതി വച്ചാണ്...

പൂനെ: നാല് വയസ്സുകാരി മകളെ കൊന്ന് ദമ്പതികള്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ, താനെയിലാണ് മകളെ കൊലപ്പെടുത്തി മതാപിതാക്കള്‍ തൂങ്ങി മരിച്ചത്. ബന്ധുക്കള്‍ അപമാനിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഇവരിലൊരാളുടെ മൊബൈലില്‍ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ബന്ധുക്കളിലൊരാളാണ് പൊലീസിനെ വിവരം അറിയിച്ചത്. 

ഉടന്‍ സംഭവസ്ഥലത്തെത്തിയ പൊലീസ് ദമ്പതികളെയും മകളെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 44 കാരനായ ശിവ്റാം പട്ടീല്‍, 42 കാരിയായ ദീപിക എന്നിവരാണ് മരിച്ചത്. വീട്ടുകാര്‍ തമ്മിലുണ്ടായ വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

ദമ്പതികള്‍ ആദ്യം കുഞ്ഞിനെ കെട്ടിത്തൂക്കുകയും പിന്നീട് സ്വയം ജീവനൊടുക്കുകയുമായിരുന്നു. കുടുംബത്തിലെ 13 പേരുടെ പേര് വിവരങ്ങള്‍ ആത്മഹത്യാക്കുറിപ്പില്‍ എഴുതിച്ചേര്‍ത്തിരുന്നു. ശിവ്റാം പട്ടീലിന്‍റെ സ്വത്തുക്കള്‍ ദീപികയുടെ സഹോദരന് കൈമാറണമെന്നും ഇത് അയാള്‍ അനാഥാലയത്തിന് നല്‍കുമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. 

ശിവ്റാം പട്ടീലിനും ഭാര്യ ദീപികയ്ക്കുമെതിരെ കുഞ്ഞിനെ കൊന്നതിന് കൊലപാതകക്കുറ്റം ചുമത്തിയതായി പൊലീസ് വ്യക്തമാക്കി. ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കിയവരുടെ മൊഴിയെടുത്തതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.