ആഗ്ര: പതിനെട്ടുകാരിയായ പെൺകുട്ടി മാരകമായി കുത്തേറ്റും വെടിയേറ്റും മരണാസന്നയായി കനാലിനരികിൽ കിടന്ന സംഭവത്തിൽ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഇട്ട എന്ന ഗ്രാമത്തിലെ അഫ്രോസ് ഖാനെയും ഭാര്യ നൂർജഹാനെയുമാണ് മലവൻ പൊലീസ് മകൾ നിഷയെ കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രി ആസ്‌പുർ-ബഗ്‌വാല റോഡിൽ വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ഒരു നാടൻ പിസ്റ്റളും മോട്ടോർബൈക്കും പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിനിടെ മകളെ കൊല്ലാൻ ശ്രമിച്ചത് തങ്ങളാണെന്ന കാര്യം മാതാപിതാക്കൾ സമ്മതിച്ചു. ഇതോടെ മറ്റൊരു ദുരഭിമാന കൊലക്കേസിന്റെ നിർണ്ണായക വഴിത്തിരിവിലാണ് പൊലീസ് എത്തിയത്.

നിഷയുടെ കാമുകനായിരുന്ന ആമിർ എന്ന 24 കാരനെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കാര്യം പുറത്തുപറയുമെന്ന് പറഞ്ഞതിനാണ്, നിഷയെയും കൊല്ലാൻ തീരുമാനിച്ചതെന്നാണ് ഇരുവരുടെയും മൊഴി. അഫ്രോസ് ഖാൻ, നൂർജഹാൻ, ഇവരുടെ ഇളയ മകൻ, നൂർജഹാന്റെ രണ്ട് സഹോദരന്മാർ എന്നിവർ ചേർന്നാണ് ജൂലൈ ആറ്, ഏഴ് തീയ്യതികളിൽ നിഷയുടെ കാമുകനായിരുന്ന യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. വടികൊണ്ടും ഇരുമ്പ് ദണ്ഡുകൾ കൊണ്ടും അതിക്രൂരമായി മർദ്ദിച്ചാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് നിഷ പൊലീസിൽ മൊഴി നൽകി.

നിഷയുടെ പ്രായപൂർത്തിയാകാത്ത സഹോദരനെയും അമ്മാവനായ ഹഫീസിനെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ മറ്റൊരു അമ്മാവനായ ഇഷിയാക് ഇപ്പോഴും ഒളിവിലാണ്. ജൂലൈ ആറിന് അർദ്ധരാത്രിയിലാണ് ആമിറിനെ ഇവർ പിടികൂടിയത്. ഇയാൾ നിഷയുടെ വീട്ടിനകത്ത് ഒളിച്ചിരിക്കുകയായിരുന്നു. നിഷയും ആമിറും മുറി അകത്ത് നിന്നും പൂട്ടി ഇതിനകത്തിരുന്നു. ആമിറിനെ പിടികൂടിയ കുടുംബാംഗങ്ങൾ ഇയാളെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡിൽ ഉപേക്ഷിച്ചു.

കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനാണ് നിഷയെയും കൊല്ലാൻ ശ്രമിച്ചതെന്നാണ് ഹഫീസിന്റെ മൊഴി. ഇഷിയാകും അഫ്രോസും നൂർജഹാനും ചേർന്നാണ് നിഷയെ ഇട്ടായിലേക്ക് കൂട്ടിക്കൊണ്ടുപോയത്. മർദ്ദിച്ചവശയാക്കിയ ശേഷം വെടിവച്ച് നിഷയെ ഇവിടെയുള്ള കനാലിനടുത്തെ വഴിയിലുപേക്ഷിച്ച് ഇവർ പോയി. മാരകമായി പരിക്കേറ്റ നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയ വഴിയാത്രക്കാർ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. അലിഗഡിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിഷ അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം.